മമതയ്ക്ക് വൻ തിരിച്ചടി: എംപി സ്ഥാനം രാജിവെച്ച് സുഖേന്ദു ശേഖര്‍ റോയ്; തൃണമൂല്‍ എംപിമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്?
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്‌ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്‌ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം.
ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഭരണപക്ഷത്തേക്ക് മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജിക്ക് തൊട്ടുപിന്നാലെ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ വസതി അദ്ദേഹം സന്ദർശിച്ചു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. ബംഗാളിലെ പുതിയ ബിജെപി സർക്കാരിനെ സുഖേന്ദു ശേഖർ റോയ് പ്രശംസിച്ചു. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്‌തതുപോലെ ബംഗാളിൻ്റെ പുനർനിർമാണത്തിനും വികസനത്തിനുമായി പുതിയ സർക്കാർ നടപടികൾ ആരംഭിച്ചതായി അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജനങ്ങളുടെ ചരിത്രപരമായ വിധി മാനിച്ചാണ് താൻ രാജിവയ്ക്കുന്നതെന്നും തൃണമൂൽ നേതാക്കൾ അധികാര ലഹരിയിൽ തങ്ങൾ അജയ്യരാണെന്ന് കരുതിയതായും അദ്ദേഹം പറഞ്ഞു. ഇരുസഭകളിലുമായി തൃണമൂലിന്റെ 41 എംപിമാരിൽ കുറഞ്ഞത് 20 പേരെങ്കിലും ബിജെപിയുമായി സമ്പർക്കത്തിലാണെന്നും ഇവർ പാർട്ടി വിടാൻ പദ്ധതിയിടുന്നതായും അഭ്യൂഹങ്ങളുണ്ട്.