‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.
അഭിമുഖം വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളെ തള്ളിക്കൊണ്ട് മഹുവ രംഗത്തെത്തുകയായിരുന്നു: ”അതെ, അവർ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്താണ് പ്രചരിപ്പിക്കുന്നത്. ദയവായി ആ അഭിമുഖം പൂർണ്ണമായി കേൾക്കാൻ തയ്യാറാകുക. സുവേന്ദു അധികാരി മാലാഖയൊന്നുമല്ല. എന്നാൽ, ഇപ്പോൾ തൃണമൂൽ വിട്ട ഈ ചതിയന്മാരെപ്പോലെയല്ല അദ്ദേഹം. പാർട്ടി വിട്ടുപോകാനും ബിജെപി ടിക്കറ്റിൽ നേരിട്ട് മത്സരിച്ച് ജയിക്കാനുമുള്ള ധൈര്യം സുവേന്ദു കാണിച്ചിരുന്നു. അദ്ദേഹം നമ്മുടെ പാർട്ടിയിലുണ്ടായിരുന്ന സമയത്ത് എനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ, അദ്ദേഹം പാർട്ടി വിട്ടതിന് ശേഷം ഞാൻ ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അഭിമുഖം മുഴുവനായി കേൾക്കാതെ എന്തിനാണ് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്?”-മഹുവ ചോദിച്ചു.
‘ബിബിസി ബംഗ്ലായ്ക്ക് നൽകിയ എന്റെ അഭിമുഖമാണിത്. ദയവായി ഒരു നല്ല വിവർത്തകനെ ജോലിക്ക് വെക്കൂ! അങ്ങനെയാണെങ്കിൽ മുൻപ് ഹിന്ദി അഭിമുഖത്തിൽ ചെയ്തതുപോലെ, ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മാത്രം ദുഷ്ടലാക്കോടെയുള്ള ‘ആകർഷകമായ കഷണങ്ങൾ’ നിങ്ങൾക്ക് ഇതിൽനിന്നു തിരഞ്ഞെടുക്കേണ്ടി വരില്ലല്ലോ!’-‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ പുകഴ്ത്തിക്കൊണ്ടുള്ള മഹുവയുടെ അഭിമുഖം പുറത്തുവന്നത്. വ്യക്തിപരമായ തലത്തിൽ സുവേന്ദു അധികാരിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ഞങ്ങൾ രണ്ടുപേരും തൃണമൂൽ കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ടെന്നും മഹുവ വെളിപ്പെടുത്തി.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം എനിക്ക് കാവലായി നിന്നു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പാർട്ടി ടിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, അവസാന നിമിഷം എനിക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ആ സങ്കടത്തിൽ അന്ന് രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു. പാർട്ടിയിൽ ആരും എന്നെ ആശ്വസിപ്പിക്കാനില്ലാതിരുന്ന ആ സമയത്ത്, എനിക്ക് ആത്മവിശ്വാസം തരാനും കൂടെ നിൽക്കാനും സുവേന്ദു അധികാരി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ വെളിപ്പെടുത്തി.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരീംപൂർ മണ്ഡലത്തിൽനിന്നാണ് മഹുവ മൊയ്ത്ര തന്റെ ആദ്യ അധികാര രാഷ്ട്രീയ പോരാട്ടം ആരംഭിക്കുന്നത്. അന്നത്തെ അനുഭവങ്ങൾ വിവരിച്ചാണ് സുവേന്ദു നൽകിയ പിന്തുണയെ ഓർമിച്ചത്.
”ഞാൻ ആദ്യമായി കരീംപൂറിൽ മത്സരിക്കുമ്പോൾ തൃണമൂലിലെ ഒരു മുതിർന്ന നേതാവ് പോലും എനിക്ക് വേണ്ടി പ്രചാരണത്തിന് വരാൻ തയാറായില്ല. രാഷ്ട്രീയത്തിൽ ഒട്ടും പരിചയമില്ലാത്ത ഒരു തുടക്കക്കാരിയായിരുന്നു ഞാൻ. എന്നാൽ, എനിക്ക് വേണ്ടി എന്റെ മണ്ഡലത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലി നടത്തിയത് സുവേന്ദു അധികാരിയായിരുന്നു. അതിന്റെ ചിത്രങ്ങൾ ഇന്നും ലഭ്യമാണ്. ആ വേദിയിൽ സുവേന്ദുവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.”-മഹുവ ചൂണ്ടിക്കാട്ടി.
അതേസമയം, പാർട്ടി വിട്ട ശേഷം തങ്ങൾ ഇപ്പോൾ പരസ്പരം സംസാരിക്കാറില്ലെങ്കിലും രാഷ്ട്രീയത്തിനപ്പുറമാണ് വ്യക്തിബന്ധങ്ങളെന്നും മഹുവ അടിവരയിട്ടു. ”സുവേന്ദു ഇന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറിപ്പോയി. അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോൾ സംസാരിക്കാറില്ല. എന്നാൽ, രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം എനിക്ക് നൽകിയ വലിയ സഹായങ്ങൾ അപ്പാടെ മറക്കാൻ എനിക്ക് കഴിയില്ല. വ്യക്തിബന്ധങ്ങൾ പാർട്ടി അതിരുകൾക്ക് അപ്പുറത്താണ്.”-മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.