‘ചതിയന്മാരേ… ധൈര്യമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ നിന്ന് നന്ദിയില്ലായ്മ കാണിക്കാതെ പോയി ബിജെപിയിൽ ചേരൂ’; വിമതരെ വെല്ലുവിളിച്ച് മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമതരെ വെല്ലുവിളിച്ച് മമത ബാനർജി. ‘ചതിയന്മാരേ… പാർട്ടിക്കുള്ളിൽ നിന്ന് നന്ദികേട് കാണിക്കാതെ ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്ന് തന്നെ എതിർക്കൂ എന്നാണ് മമത വെല്ലുവിളിച്ചത്. പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ച് വിമത ചേരിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് മമതയുടെ ഈ കടുത്ത പ്രഖ്യാപനം. ചന്ദ്രിമയുടെ രാജിയെ തുടർന്ന് പാർട്ടി ദേശീയ അധ്യക്ഷ പദവിക്ക് പുറമേ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷയുടെ ചുമതലയും മമത ബാനർജി നേരിട്ട് ഏറ്റെടുത്തു. മുതിർന്ന നേതാവ് സുബ്രതാ ബക്ഷി സുഖം പ്രാപിക്കുന്നത് വരെ താൻ ഈ പദവിയിൽ തുടരുമെന്നും സംഘടനയെ നേരിട്ട് നയിക്കുമെന്നും അവർ വ്യക്തമാക്കി. ഇതിനൊപ്പം കുനാൽ ഘോഷ്, മദൻ മിത്ര എന്നിവരെ പാർട്ടിയുടെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി അവർ നിയമിക്കുകയും ചെയ്തു.
ഫേസ്ബുക്ക് ലൈവിലൂടെയുമാണ് മമത വിമതർക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ 15 വർഷമായി തൃണമൂൽ ടിക്കറ്റിൽ എംപിയും എംഎൽഎയും മന്ത്രിമാരുമൊക്കെയായി സുഖലോലുപത അനുഭവിച്ചപ്പോൾ ഇല്ലാതിരുന്ന എന്ത് വിയോജിപ്പാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇവർക്ക് ഉണ്ടായതെന്ന് മമത ചോദിച്ചു. ബിജെപി സ്‌പോൺസേർഡ് വിയോജിപ്പ് അവസാനിപ്പിച്ച് നേർക്കുനേർ വരാനാണ് വെല്ലുവിളിച്ചത്.
പാർട്ടിയോട് വിശ്വസ്തത പുലർത്തുന്ന സാധാരണക്കാരായ പ്രവർത്തകരാണ് തൃണമൂലിന്റെ യഥാർത്ഥ നിധിയെന്നും വഞ്ചകർക്ക് ജനങ്ങൾ മാപ്പ് നൽകില്ലെന്നും മമത കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെയും ഭീഷണികളെയും ഉപയോഗിച്ച് പാർട്ടിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ താൻ ആർക്കും മുന്നിൽ തലകുനിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. ഇതോടൊപ്പം ജൂലൈ 21ലെ രക്തസാക്ഷി ദിന പരിപാടികൾ നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് വലിയ പിളർപ്പിലേക്ക് നീങ്ങിയത്. പാർട്ടി ഇപ്പോൾ മമത ബാനർജി അനുകൂലികളെന്നും നിയമസഭാ പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമെന്നും രണ്ടായി പിളർന്നിരിക്കുകയാണ്. പാർട്ടിയുടെ ആകെ 80 എംഎൽഎമാരിൽ 58 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് റിതബ്രത ബാനർജിയുടെ വിഭാഗം അവകാശപ്പെടുന്നത്. അവർ മമത ബാനർജിയെ മാറ്റി നിർത്തി അരുപ് റോയിയെ ചെയർമാനാക്കി 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയും രൂപീകരിച്ചു കഴിഞ്ഞു.
മമത പാർട്ടിയിൽ ഒരു ‘മെന്റർ’ പദവിയിൽ മാത്രം ഒതുങ്ങണമെന്നാണ് വിമതരുടെ ആവശ്യം. ഇതിനിടെ കൊൽക്കത്തയിലെ മെട്രോപൊളിറ്റനിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാന ആസ്ഥാന മന്ദിരം വിമത വിഭാഗം പിടിച്ചെടുക്കുകയും പൂട്ടിയിടുകയും ചെയ്തത് വലിയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനെതിരെ മമത പക്ഷം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനകം തന്നെ പാർട്ടിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേരും നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ച് കേന്ദ്രത്തിലെ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇപ്പോൾ നിലവിലില്ലെന്നും നേതാക്കളുടെ കൂട്ടരാജി തുടരുമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പരിഹസിച്ചു.