‘പെരുന്നാൾ നമസ്‌കാരം പറ്റില്ല; യോഗയ്ക്കായി ഒരാഴ്ച റോഡ് അടച്ചിടാം’-വിമർശനവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവുകൾക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ് ഒരാഴ്ചത്തേക്ക് ഗതാഗതത്തിനായി അടച്ചിട്ട പുതിയ ബിജെപി സർക്കാരിന്റെ നടപടിയെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി ചോദ്യം ചെയ്തത്.
പെരുന്നാൾ നമസ്‌കാരത്തിനായി ഒരു ദിവസത്തിൽ വെറും ഒരു മണിക്കൂർ പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരാണ്. എന്നാൽ, ഇപ്പോൾ യോഗയ്ക്കായി ഒരാഴ്ച മുഴുവൻ റെഡ് റോഡ് അടച്ചിടാൻ എങ്ങനെ സാധിക്കുന്നുവെന്ന് മഹുവ ചോദിച്ചു. ഇത് ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്ന്, തൃണമൂൽ വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ യൂസുഫ് പത്താൻ ഉൾപ്പെടെയുള്ള മുസ്ലിം എംപിമാരെ അവർ വെല്ലുവിളിക്കുകയും ചെയ്തു.
എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് മഹുവയുടെ വിമർശനം. ”റെഡ് റോഡിൽ ഒരു ദിവസത്തേക്ക് ഒരു മണിക്കൂർ പോലും പെരുന്നാൾ നമസ്‌കാരം അനുവദിക്കാൻ പറ്റുമായിരുന്നില്ല. എന്നാൽ, അതേ റെഡ് റോഡ് യോഗാ ദിവസത്തിന് വേണ്ടി ഒരാഴ്ച മുഴുവൻ ഗതാഗതത്തിനായി അടച്ചിട്ടിരിക്കുകയാണ്. അബു താഹിർ ഖാൻ, ഖലീലുറഹ്മാൻ, യൂസുഫ് പത്താൻ… നിങ്ങൾക്ക് ശമ്പളം തരുന്ന പുതിയ യജമാനന്മാരോട് ഈ ചോദ്യം ചോദിക്കാനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ?”-മഹുവ ചോദിച്ചു.
ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ബംഗാൾ ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാൾ ജൂൺ 14-ന് ഇറക്കിയ ഉത്തരവാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കരാർ ജീവനക്കാർ, താൽക്കാലിക തൊഴിലാളികൾ, ഔട്ട്സോഴ്സിങ് ജീവനക്കാർ, ഹോണറേറിയം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരും ജൂൺ 21-ന് രാവിലെ 6.30 മുതൽ 7.45 വരെ നടക്കുന്ന യോഗാ സെഷനുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൊൽക്കത്തയിലെ പ്രധാന കേന്ദ്രങ്ങളായ റെഡ് റോഡ്, മിലൻ മേള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾക്കായി ഒരാഴ്ച മുൻപ് തന്നെ റെഡ് റോഡ് പൂർണമായി അടച്ചത് കൊൽക്കത്തയിൽ വലിയ ട്രാഫിക് കുരുക്കിനും കാരണമായിട്ടുണ്ട്.
ബംഗാളിൽ കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 തൃണമൂൽ എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് യൂസുഫ് പത്താൻ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് മഹുവ രംഗത്തെത്തിയത്. ഇവർക്ക് പണം നൽകി വിലയ്‌ക്കെടുത്ത ബിജെപിയോട് ഈ വിവേചനത്തെക്കുറിച്ച് ചോദിക്കാൻ ധൈര്യമുണ്ടോ എന്നാണ് മഹുവയുടെ ചോദ്യം.