18/06/2026
[fontresizer_tawhidurrahmandear_widget]

എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

 എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്.

മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് സ്‌ക്വയർ വരെ നീണ്ട 1.2 കിലോമീറ്റർ പ്രതിഷേധ മാർച്ചിന് മുൻ ബംഗാൾ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകി.

മമതയുടെയും അഭിഷേക് ബാനർജിയുടെയും വിശ്വസ്തരടക്കം 20 എംപിമാരും 58 എംഎൽഎമാരും പാർട്ടി പിളർത്തി എൻഡിഎ പാളയത്തിലേക്ക് ചേക്കേറുമ്പോഴാണ് മമത തെരുവിൽ വൻജനക്കൂട്ടവുമായി പ്രതിഷേധത്തിനിറങ്ങിയത്. ബെലിഘട്ട എംഎൽഎ കുനാൽ ഘോഷ്, മുൻ തൃണമൂൽ എംപി ഡോല സെൻ എന്നിവരടക്കമുള്ള വിശ്വസ്തരായ ചുരുക്കം ചില നേതാക്കൾ മാത്രമാണ് മാർച്ചിൽ മമതയ്ക്കൊപ്പം അണിനിരന്നത്.

ഒരിടത്തുനിന്നും പ്രത്യേകം പ്രവർത്തകരെ ഇറക്കുകയോ, പാർട്ടിയിലെ വലിയ സ്റ്റാർ കാമ്പെയ്നർമാരെ ഉപയോഗിക്കുകയോ ചെയ്യാതെയാണ് കൊൽക്കത്തയിലെ തെരുവിൽ മമതയ്ക്കു പിന്നില്‍ ആയിരങ്ങള്‍ അണിനിരന്നതെന്ന് തൃണമൂൽ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയിലെ അധികാര മോഹികളായ നേതാക്കൾ പോയാലും സംഘടനയുടെ അടിത്തറ ഭദ്രമാണെന്ന സന്ദേശമാണ് ഈ ജനപങ്കാളിത്തം നൽകുന്നതെന്നും നേതാക്കൾ പറഞ്ഞു.

ബംഗാളിലുടനീളം ബിജെപി സർക്കാർ നടത്തുന്ന ഒഴിപ്പിക്കൽ നടപടികൾ നിയമവിരുദ്ധവും അന്യായവും അങ്ങേയറ്റം ക്രൂരവുമാണെന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ”ബംഗാളിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കാണ് തൃണമൂൽ കോൺഗ്രസ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. അവരുടെ അന്തസ്സും ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോരാടും. കൃത്യമായ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കാതെ പാവപ്പെട്ട വഴിയോരക്കച്ചവടക്കാരുടെ കടകൾ ബുൾഡോസർ വെച്ച് തകർക്കാൻ അനുവദിക്കില്ല.”തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.

നേരത്തെ സിയാൽദയിൽ തൃണമൂൽ കോൺഗ്രസ് നടത്തിയ ധർണയ്ക്ക് പിന്നാലെയാണ് മമത നേരിട്ട് തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജാദവ്പൂർ സ്റ്റേഷൻ റോഡിലെ നൂറുകണക്കിന് താൽക്കാലിക കടകൾ ബിജെപി സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത് ബംഗാളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ്, ചൗരംഗി, എസ്പ്ലനേഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പാതയോരങ്ങൾ തിരിച്ചുപിടിക്കാനും നിയമപരമായ ഒഴിപ്പിക്കൽ അനിവാര്യമാണെന്നാണ് ബിജെപി സർക്കാരിന്റെ നിലപാട്.

മമത ബാനർജിയുടെ മിന്നൽ സമരത്തെ ബിജെപിയുടെ മുതിർന്ന നേതാവും ബംഗാൾ മന്ത്രിയുമായ ദിലീപ് ഘോഷ് പരിഹസിച്ചു. മമതയുടെ രാഷ്ട്രീയ അസ്തമയം കഴിഞ്ഞുവെന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള അവസാന അടവാണ് ഈ തെരുവ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി കൊൽക്കത്തയിലെ റോഡുകളും ഫുട്പാത്തുകളും കൈയേറി കച്ചവടം നടത്തുന്നവരിൽനിന്നു തൃണമൂലിന്റെ ഗുണ്ടാ ശൃംഖലകൾ വാങ്ങിയിരുന്ന ‘ഹാഫ്ത'(ഗുണ്ടാ പിരിവ്) ശൃംഖല പൂർണമായി തകർന്നതിന്റെ വേവലാതിയാണ് മമതയ്‌ക്കെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

Also read: