മെസ്സി ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; ആ വൈറൽ ഇൻസ്റ്റഗ്രാം പേജിന്റെ കഥ ഇങ്ങനെ
പാലക്കാട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകൾ ഫോളോ ചെയ്യുമ്പോൾ, മെസ്സി തിരിച്ച് ഫോളോ ചെയ്യുന്ന അപൂർവം ഇൻസ്റ്റഗ്രാം പേജുകളിൽ ഒന്നായി മാറി പാലക്കാട് സ്വദേശികളായ സഹോദരിമാരുടെ പേജ്. പാലക്കാട് ചന്ദ്രനഗർ സ്വദേശികളായ എസ്. സാന്ദ്രയും എസ്. സ്നിഗ്ധയും ചേർന്ന് ആരംഭിച്ച ‘ആന്റൊനെല ഗാലറി’ (Antonela Gallery) എന്ന പേജാണ് ഒൻപതു മാസമായി മെസ്സി ഫോളോ ചെയ്യുന്നത്. മെസ്സിയുടെ ജീവിതപങ്കാളി ആന്റൊനെല റൊക്കുസ്സോയുടെ പേരിലുള്ളതാണ് ഈ പേജ്.
ചന്ദ്രനഗർ സാന്ദ്രാനന്ദത്തിൽ എസ്. ശശിധരന്റെയും പി.കെ ശർമിളയുടെയും മക്കളാണ് സാന്ദ്രയും സ്നിഗ്ധയും. കോവിഡ് കാലത്താണ് മെസ്സിയോടുള്ള ആരാധന മൂലം ഇരുവരും ഇങ്ങനെയൊരു പേജിനെക്കുറിച്ച് ചിന്തിക്കുന്നത്. തുടർന്ന് ‘മെസ്സിയുടെ ജീവിതത്തിൽ ആന്റൊനെലയുടെ പങ്ക്’ എന്ന പ്രമേയത്തിൽ 2021-ൽ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചു. മെസ്സിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും സ്റ്റോറികളും മെസ്സിയുടെ കളിവിശേഷങ്ങളും റെക്കോഡുകളുമെല്ലാം പേജിലൂടെ പങ്കുവെക്കാൻ തുടങ്ങി. അർജന്റീന ആരാധകർ ഏറ്റെടുത്തതോടെ പേജിന് നിലവിൽ 3.99 ലക്ഷത്തിലധികം (399K) ഫോളോവേഴ്സുണ്ട്.
2025 മാർച്ചിൽ ആന്റൊനെല റൊക്കുസ്സോ ഈ പേജ് ഫോളോ ചെയ്യാൻ ആരംഭിച്ചു. തുടർന്ന്, മെസ്സി കേരളത്തിലേക്ക് വരുന്നു എന്ന വാർത്ത ഈ പേജിലൂടെ പങ്കുവെച്ചതോടെയാണ് താരം ഈ പേജിലെത്തുന്നത്. 2025 ഓഗസ്റ്റ് 23-ന് ലയണൽ മെസ്സിയും ഈ പേജിന്റെ ഫോളോവറായി മാറി.
ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തിയപ്പോൾ ഇരുവരും മുംബൈയിലെത്തി അദ്ദേഹത്തെ ദൂരെനിന്ന് കണ്ടിരുന്നു. കേരളത്തിലേക്ക് വരുന്നുണ്ടോ എന്നന്വേഷിച്ച് ഇവർ അയച്ച സന്ദേശത്തിന്, എത്താൻ കഴിയില്ലെന്നും സന്ദേശമയച്ചതിൽ സന്തോഷമുണ്ടെന്നും ആന്റൊനെല മറുപടിയും നൽകി. അന്ന് മുംബൈയിൽ നിന്ന് ഇവർ ചെയ്ത വീഡിയോ ആന്റൊനെല ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. രണ്ടായിരത്തോളം ചിത്രങ്ങളും അതിലേറെ സ്റ്റോറികളും ഈ പേജിലൂടെ ഇതുവരെ പങ്കുവെച്ചിട്ടുണ്ട്.
എഞ്ചിനീയറിങ് ബിരുദധാരിയാണ് സാന്ദ്ര. സ്നിഗ്ധ എറണാകുളത്ത് രണ്ടാം വർഷ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുമാണ്.