17/06/2026
[fontresizer_tawhidurrahmandear_widget]

അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ആഞ്ഞുചവിട്ടി മെസി; കാർഡ് എടുക്കാതെ റഫറി-വിവാദം

 അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ആഞ്ഞുചവിട്ടി മെസി; കാർഡ് എടുക്കാതെ റഫറി-വിവാദം

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസി നടത്തിയ പരുക്കൻ ഫൗളും, കാർഡ് പോലും നൽകാതെ റഫറി താരത്തെ സംരക്ഷിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കളിയിൽ മെസി ഹാട്രിക് നേടുകയും അർജന്റീന വിജയിക്കുകയും ചെയ്‌തെങ്കിലും, അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചിട്ടും മെസ്സി ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടതാണ് ഫുട്‌ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം.

മത്സരത്തിനിടയിൽ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിക്കെതിരെയാണ് മെസിയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ഫൗളുണ്ടായത്. അർജന്റീന 1-0ന് മുന്നിട്ടുനിൽക്കുന്ന സമയത്തായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. അൾജീരിയൻ താരത്തിന്റെ പക്കൽനിന്നു പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ മെസിയുടെ ബൂട്ടിലെ സ്റ്റഡുകൾ മാൻഡിയുടെ കണങ്കാലിന് തൊട്ടുമുകളിൽ ശക്തിയായി വന്ന് പതിക്കുകയായിരുന്നു. റീപ്ലേകളിൽ മെസ്സിയുടെ ബൂട്ടിന്റെ അടിഭാഗം അൾജീരിയൻ താരത്തിന്റെ കാലിൽ ആഴ്ന്നിറങ്ങുന്നത് വളരെ വ്യക്തമായിരുന്നു. കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന തരത്തിലുള്ള, തീർത്തും അപകടകരമായ ഒരു ‘ലെയ്റ്റ് ചലഞ്ച്’ ആയിരുന്നു അത്. ഗുരുതരമായി പരിക്കേറ്റ അൾജീരിയൻ താരം വേദനകൊണ്ട് ഗ്രൗണ്ടിൽ കിടന്നുരുണ്ടു.

എന്നാൽ, ഈ പരുക്കൻ ഫൗൾ നേരിട്ട് കണ്ടിട്ടും മാച്ച് റഫറിയായ ഷിമൺ മാർസിനിയാക്ക് മെസിക്ക് ഒരു മഞ്ഞക്കാർഡ് പോലും നൽകാൻ തയ്യാറായില്ല. അൾജീരിയൻ കളിക്കാരും പരിശീലകരും കടുത്ത പ്രതിഷേധവുമായി റഫറിയെ വളഞ്ഞെങ്കിലും അദ്ദേഹം ഒട്ടും കുലുങ്ങിയില്ല. ഫുട്‌ബോൾ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയത് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) നിശബ്ദതയാണ്. വി.എ.ആർ ഈ സംഭവം പരിശോധിച്ചെങ്കിലും റഫറിയോട് തീരുമാനം തിരുത്താനോ, മൈതാനത്തെ സ്‌ക്രീൻ പരിശോധിക്കാനോ(OFR) ആവശ്യപ്പെട്ടില്ല.

‘മെസ്സി ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു’; വിമർശനവുമായി പ്രമുഖർ

മെസിയുടെ ഈ ഫൗളിന് തീർച്ചയായും ചുവപ്പ് കാർഡ് നൽകി പുറത്താക്കണമായിരുന്നു എന്ന വാദവുമായി പ്രമുഖ ഫുട്‌ബോൾ നിരീക്ഷകരും മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അത് നൂറ് ശതമാനവും ചുവപ്പ് കാർഡ് അർഹിച്ച ഫൗളായിരുന്നുവെന്നാണ് മുൻ വെനസ്വേലൻ താരവും കായിക നിരീക്ഷകനുമായ ലെ മോറെനോ പ്രതികരിച്ചത്. വലിയ കളിക്കാർക്ക് ഫുട്‌ബോളിൽ എപ്പോഴും പ്രത്യേക പരിഗണനയും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രമുഖ നിരീക്ഷകനായ നെഡും ഒനുഓഹയും റഫറിയിങ്ങിലെ ഇരട്ടത്താപ്പിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. സാധാരണ ഒരു കളിക്കാരനാണ് ഈ ഫൗൾ ചെയ്തതെങ്കിൽ അയാൾ ആ നിമിഷം തന്നെ റെഡ് കാർഡ് വാങ്ങി പുറത്തുപോയേനെ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെസി ഇത്തരമൊരു ഫൗൾ ചെയ്ത് കളിക്കളത്തിൽ തുടരുന്ന സമയത്ത് വി.ഐ.പി ബോക്‌സിലിരുന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പുഞ്ചിരിക്കുന്ന ദൃശ്യങ്ങളും ആരാധകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മെസ്സിയുടെ ഫൗളിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരാണ് ഫിഫയ്ക്കും റഫറിക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫുട്‌ബോളിലെ നിയമങ്ങൾ എല്ലാവർക്കും ഒരേപോലെയായിരിക്കണമെന്നും മെസിക്ക് ഇവിടെ വിഐപി സംരക്ഷണം ലഭിച്ചെന്നും ആരാധകർ ആരോപിക്കുന്നു.

മത്സരത്തിൽ ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമൻ താരം ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) മെസ്സി എത്തിയെങ്കിലും, ഈ ചുവപ്പ് കാർഡ് വിവാദം മെസ്സിയുടെ പ്രകടനത്തിന്റെ തിളക്കം പാടെ കെടുത്തിക്കളഞ്ഞു. മെസ്സി അർഹിച്ച ശിക്ഷ വാങ്ങി പുറത്തായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് അൾജീരിയൻ ക്യാമ്പ് വിശ്വസിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര ഫുട്‌ബോൾ വേദികളിൽ ഈ റെഫറിയിംഗ് വിവാദം കത്തുമെന്നുറപ്പാണ്.

തകര്‍പ്പന്‍ ഹാട്രിക്; മെസി മാജിക്

വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും കളിക്കളത്തിൽ അർജന്റീന ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. നായകൻ ലയണൽ മെസിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഹാട്രിക്കാണ് അർജന്റീനയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു. പതിനേഴാം മിനിറ്റിൽ മെസിയിലൂടെ തന്നെ അർജന്റീന ലീഡ് എടുത്തു. അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി മെസി തൊടുത്ത മനോഹരമായ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.

ലൗട്ടാരോ മാർട്ടിനെസിന്റെ ഷോട്ട് തടുത്ത സിദാന്റെ കൈകളിൽ നിന്ന് തെറിച്ചുവീണ പന്ത് അതിവേഗത്തിൽ മെസി വലയിലേക്ക് തിരിച്ചുവിട്ടു. നിക്കോളാസ് ഗോൺസാലസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് വെളിയിൽ നിന്ന് മെസി തൊടുത്ത തകർപ്പൻ ലോങ് റേഞ്ചർ അൾജീരിയൻ വലയുടെ താഴത്തെ കോണിൽ ചെന്ന് തറച്ചതോടെ മെസിയുടെ ഹാട്രിക്കും അർജന്റീനയുടെ വിജയവും പൂർത്തിയായി.

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകനായ ലൂക്കാ സിദാൻ ഗോൾവലയ്ക്ക് മുന്നിൽ മികച്ച ചില സേവുകൾ നടത്തിയെങ്കിലും മെസിക്ക് മുന്നിൽ അൾജീരിയൻ പ്രതിരോധം അമ്പേ പരാജയപ്പെടുകയായിരുന്നു. എൺപതാം മിനിറ്റിൽ മെസിയെ പിൻവലിച്ച് നിക്കോ പാസിനെ പരിശീലകൻ ലയണൽ സ്‌കലോണി കളത്തിലിറക്കി.

ഈ ചരിത്രനേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസിയെത്തി. ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ 15 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡും മെസി മറികടന്നു.

Also read: