‘കൂട്ടുകാരന്റെ നോമ്പും നമസ്‌കാരവും കണ്ടാണ് ചോദ്യങ്ങൾ തുടങ്ങിയത്; ഇപ്പോൾ ഞാൻ നല്ലൊരു മനുഷ്യനായെന്ന് കുടുംബം’ | Cape Verde’s Steven Moreira on Islam
വാഷിങ്ടൺ: ഫുട്‌ബോൾ മൈതാനങ്ങളിലെ മികച്ച പ്രകടനങ്ങൾക്കപ്പുറം വ്യക്തിജീവിതത്തിലെ ആത്മീയ യാത്രയുടെ കഥ വെളിപ്പെടുത്തി കേപ് വെർദെ ദേശീയ ഫുട്‌ബോൾ താരം സ്റ്റീവൻ മൊറേര(Cape Verde’s Steven Moreira on Islam). ഫ്രാൻസിൽ ജനിച്ച മൊറേര ഇത്തവണ ലോകകപ്പിൽ കരുത്തരെ ഞെട്ടിച്ച കുഞ്ഞൻ സംഘമായ കേപ് വെർദെയുടെ പ്രതിരോധ നിരയുടെ അവിഭാജ്യ ഘടകമായിരുന്നു. ‘ഖൽബി സ്റ്റുഡിയോസിന്’ നൽകിയ അഭിമുഖത്തിലാണ് താൻ ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്. ഫുട്‌ബോൾ അക്കാദമിയിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ ആത്മീയതയും ജീവിതക്രമവുമാണ് തന്നെ ഇസ്ലാമിലേക്ക് ആകർഷിച്ചതെന്ന് 31-കാരൻ വെളിപ്പെടുത്തുന്നു.
തന്റെ കൗമാരകാലത്തെ അനുഭവങ്ങൾ ഓർത്തെടുത്താണ് മൊറേര സംസാരിച്ചു തുടങ്ങിയത്. പാരിസിലെ ഒരു ഫുട്‌ബോൾ അക്കാദമിയിൽ 14-15 വയസ്സുള്ളപ്പോൾ താൻ ഒരു മുസ്ലിം സുഹൃത്തിനൊപ്പമാണ് ഒരേ മുറിയിൽ താമസിച്ചിരുന്നത്.
”അവൻ ദിവസവും കൃത്യമായി നമസ്‌കരിക്കുകയും റമദാനിൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നത് ഞാൻ നിരന്തരം കാണാറുണ്ടായിരുന്നു. അവന്റെ ഈ കൃത്യനിഷ്ഠയും സമർപ്പണവും എന്നിൽ വലിയ ജിജ്ഞാസയുണ്ടാക്കി. ഞാൻ മതത്തെക്കുറിച്ച് അവനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പതുക്കെ ‘ശരി, ഞാനും ഇതൊന്ന് ശ്രമിച്ചു നോക്കാം’ എന്ന ചിന്തയിലെത്തി. അങ്ങനെ ഞാനും അത് അനുവർത്തിക്കാൻ തുടങ്ങി… അതിനുശേഷം എനിക്ക് തോന്നി, ഞാൻ ഒരു മുസ്ലിം ആയി മാറിക്കഴിഞ്ഞുവെന്ന്.’-സ്റ്റീവൻ മൊറേര വെളിപ്പെടുത്തി.
തുടക്കത്തിലെ ഭയവും കുടുംബത്തിന്റെ പിന്തുണയും | Cape Verde’s Steven Moreira on Islam
മറ്റ് പലരെയും പോലെ മതം മാറുന്നതിന് മുൻപ് തനിക്കും ചില ഭയങ്ങൾ ഉണ്ടായിരുന്നുവെന്ന് മൊറേര തുറന്നുപറയുന്നു. ”അത്തരമൊരു പശ്ചാത്തലത്തിൽ വളരാത്തത് കൊണ്ട് തന്നെ തുടക്കത്തിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. കുടുംബം ഇത് എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു പ്രധാന ആശങ്ക.

എന്നാൽ, ഭയപ്പെട്ടതുപോലെയല്ല, തികച്ചും അനുകൂലമായ പ്രതികരണമാണ് കുടുംബത്തിൽ നിന്നുണ്ടായത്. എല്ലാ ബഹുമാനത്തോടും കൂടി ഞാൻ എന്റെ കുടുംബത്തോട് കാര്യം പറഞ്ഞു. ഇത് എനിക്ക് വേണ്ടിയുള്ളതാണെന്നും എനിക്ക് ഇതിലൂടെ വലിയ സമാധാനം ലഭിക്കുന്നുണ്ടെന്നും ഞാൻ അവരെ ധരിപ്പിച്ചു. ഇപ്പോൾ അവർ എന്നെ പൂർണമായി മനസ്സിലാക്കുന്നു. നീ ഇപ്പോൾ മുൻപത്തേക്കാൾ വളരെ നല്ലൊരു മനുഷ്യനായി മാറിയിരിക്കുന്നു എന്നാണ് അവർ ഇപ്പോൾ എന്നോട് എല്ലാ ദിവസവും പറയുന്നത്. അൽഹംദുലില്ലാഹ്,”- മൊറേര വികാരാധീനനായി പറഞ്ഞു.
മൈതാനത്തെ ആത്മീയ കൂട്ടായ്മയും കേപ് വെർദെയുടെ കുതിപ്പും | Cape Verde’s Steven Moreira on Islam
ദേശീയ ടീമിൽ മൊറേര തനിച്ചല്ല ഇതേ ആത്മീയ പാതയിലുള്ളത്. കേപ് വെർദെ ദേശീയ ടീമിലെ മുസ്ലിം കളിക്കാരായ ജമീറോ മൊണ്ടെയ്റോ, ലോഗൻ കോസ്റ്റ എന്നിവർക്കൊപ്പം മൊറേരയും എല്ലാ മത്സരങ്ങൾക്കും മുൻപായിഒന്നിച്ച് നമസ്‌കരിക്കുന്നത് ശീലമാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. ഇത് ടീമിനുള്ളിൽ വലിയൊരു ആത്മീയ അച്ചടക്കവും സാഹോദര്യവും വളർത്താൻ സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ സ്പെയിനെ സമനിലയിൽ തളച്ചതടക്കമുള്ള കേപ് വെർദെയുടെ സ്വപ്നതുല്യമായ മുന്നേറ്റത്തെ ഒരു ‘സ്വപ്ന സാക്ഷാത്കാരം’ എന്നാണ് മൊറേര വിശേഷിപ്പിച്ചത്. പ്രൊഫഷണൽ സ്‌പോർട്‌സ് ലോകത്ത് വ്യക്തിപരമായ മാതൃകകൾക്കും കൂട്ടായ പ്രാർത്ഥനകൾക്കും എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് മൊറേരയുടെ ഈ വാക്കുകൾ. ഒടുവിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീനയെ വിറപ്പിച്ചാണ് കേപ് വെർദെ സംഘം കീഴടങ്ങിയത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോൾ നേടിയാണ് മെസ്സിയും സംഘയവും കഷ്ടിച്ചു ജയിച്ചു കയറിയത്.