ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബപ്പെ
ബോസ്റ്റൺ: മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ. ക്വാർട്ടർ ഫൈനലിൽ ഉസ്മാൻ ഡെംബലെയ്ക്ക് പുറമെ ഫ്രാൻസിനായി ലക്ഷ്യം കണ്ടത് എംബപെയായിരുന്നു. നടപ്പു ലോകകപ്പിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 20 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലും എംബപെ എത്തിച്ചേർന്നു.
എട്ട് ഗോളുകളുമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് എംബപെയ്ക്കൊപ്പം ഗോൾ വേട്ടയിൽ തൊട്ടുപിന്നിലുള്ളത്. ഈ ടൂർണമെന്റിൽ ഇരുവർക്കും എട്ട് ഗോളുകൾ വീതമാണുള്ളതെങ്കിലും അസിസ്റ്റുകളുടെ (ഗോളിന് വഴിയൊരുക്കൽ) എണ്ണത്തിൽ മുന്നിലെത്തിയതാണ് എംബപെയെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. മെസ്സിക്ക് ഒരു അസിസ്റ്റ് മാത്രമുള്ളപ്പോൾ മൂന്ന് അസിസ്റ്റുകളുമായി എംബപെ ഏറെ മുന്നിലാണ്.
ഇരുവർക്കും തൊട്ടുപിന്നാലെ ഏഴ് ഗോളുകളുമായി നോർവേയുടെ യുവ സ്ട്രൈക്കർ എർലിങ് ഹാളണ്ടുണ്ട്. ആറ് ഗോളുകളും ഒരു അസിസ്റ്റുമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ ആണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനാണ് ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിക്കുക. ഗോളുകളുടെ എണ്ണം തുല്യമായാൽ ഫിഫയുടെ നിയമപ്രകാരം അസിസ്റ്റുകളുടെ എണ്ണം പരിഗണിച്ചാണ് വിജയിയെ നിശ്ചയിക്കുക. അസിസ്റ്റുകളുടെ കാര്യത്തിലും താരങ്ങൾ ഒപ്പത്തിനൊപ്പമെത്തിയാൽ, ടൂർണമെന്റിൽ ഏറ്റവും കുറഞ്ഞ സമയം മൈതാനത്ത് ചിലവഴിച്ച കളിക്കാരന് പുരസ്കാരം സ്വന്തമാകും.