‘മെസ്സിയുടെ മറവിൽ ദുരൂഹ ഇടപാടുകൾ, 130 കോടിയുടെ ഇടപാടിൽ വിജിലൻസ് അന്വേഷണം വേണം’: പി.കെ. ഫിറോസ്
പി.കെ. ഫിറോസ്
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുന്നതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിൽ വൻ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊടുവള്ളി എം.എൽ.എയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസ്. ഇതുമായി ബന്ധപ്പെട്ട് നടന്ന 130 കോടി രൂപയുടെ ഇടപാടിൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തോടൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ഫിറോസ് രംഗത്തെത്തിയത്.
അമേരിക്കയിൽ അന്വേഷണം നേരിടുന്ന ഏജൻസിയുമായി ബന്ധമുള്ള ഒരു സ്ഥാപനത്തിലേക്ക് റിപ്പോർട്ടർ ടിവി പണം കൈമാറിയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഏകദേശം 15 മില്യൺ ഡോളർ (ഏകദേശം 130 കോടി രൂപ) ഈ രീതിയിൽ കൈമാറ്റം ചെയ്യപ്പെട്ടതിൽ കൃത്യമായ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഫിറോസ് പറഞ്ഞു.
നിയമ, ധനകാര്യ വകുപ്പുകളുടെ അടിസ്ഥാന നടപടിക്രമങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിയാണ് സർക്കാർ ഈ കരാറിലേക്ക് കടന്നതെന്നാണ് ഫിറോസിന്റെ പ്രധാന ആരോപണം. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പങ്കെന്താണെന്നും, ഇതിനായുള്ള സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയെന്നും സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പോൺസറുമായുള്ള കരാറിന് പുറമെ മുൻ മന്ത്രിയുടെ സ്പെയിൻ സന്ദർശനം, കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവയിലെല്ലാം ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. 130 കോടി രൂപ ഉൾപ്പെട്ട വളരെ ഗൗരവമുള്ള ആരോപണങ്ങളാണിതെന്നും, മുൻ കായിക മന്ത്രി ഇതിൽ പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.