30/04/2026
[fontresizer_tawhidurrahmandear_widget]

പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്തു: യുപി സർക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

 പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്തു: യുപി സർക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: മതിയായ തെളിവുകളില്ലാതെ പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം പിടിച്ചെടുത്ത ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടിയെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നിയമവിരുദ്ധമായി വാഹനം കണ്ടുകെട്ടിയതിന് പരാതിക്കാരനായ മുഹമ്മദ് ചാന്ദിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ ഈ തുക ഹരജിക്കാരന് കൈമാറണം.

2024 ഒക്ടോബറിലാണ് ബാഗ്‌പത് പൊലീസ് മുഹമ്മദ് ചാന്ദിൻ്റെ വാഹനം കസ്റ്റഡിയിലെടുത്തത്. പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമായിരുന്നു നടപടി. ഇതിനെത്തുടർന്ന് വാഹനം കണ്ടുകെട്ടാൻ ബാഗ്‌പത് ജില്ലാ മജിസ്ട്രേറ്റും മീററ്റ് ഡിവിഷണൽ കമ്മീഷണറും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകൾ ചോദ്യം ചെയ്താണ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

പിടിച്ചെടുത്ത ഇറച്ചി പശുവിറച്ചിയാണെന്ന് സ്ഥിരീകരിക്കുന്ന ലാബ് റിപ്പോർട്ടുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇറച്ചി പശുവിറച്ചിയാണെന്ന് “സംശയിക്കുന്നു” എന്ന് മാത്രമാണ് മൃഗഡോക്ടറുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ശാസ്ത്രീയമായ സ്ഥിരീകരണമില്ലാതെ വാഹനം കണ്ടുകെട്ടാൻ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വാഹനം പിടിച്ചെടുത്തത് വഴി പരാതിക്കാരൻ്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അതിനാൽ, ഹരജിക്കാരന് നൽകേണ്ട രണ്ട് ലക്ഷം രൂപ പിഴത്തുക ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരായ മീററ്റ് ഡിവിഷണൽ കമ്മീഷണർ, ബാഗ്‌പത് ജില്ലാ മജിസ്ട്രേറ്റ്, ബന്ധപ്പെട്ട എസ്.എച്ച്.ഒ എന്നിവരിൽ നിന്ന് ഈടാക്കാൻ സർക്കാരിന് കോടതി അനുമതി നൽകി.

ജില്ലാ മജിസ്ട്രേറ്റിൻ്റെയും കമ്മീഷണറുടെയും മുൻ ഉത്തരവുകൾ റദ്ദാക്കിയ കോടതി, മൂന്ന് ദിവസത്തിനുള്ളിൽ വാഹനം ഉടമയ്ക്ക് വിട്ടുനൽകാൻ നിർദ്ദേശിച്ചു.

Also read: