യുഎസ് പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാന്റെ 7 മിസൈൽ ആക്രമണം; യുഎസ്എസ് എബ്രഹാം ലിങ്കൺ നടുക്കടലിൽ നിശ്ചലമായെന്ന് ഇറാൻ
തെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത കാലയളവിൽ കപ്പലിനെ പൂർണമായും പ്രവർത്തനരഹിതമാക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചു. ഇത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് മറുപടിയായി ‘ഓപറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിലാണ് ഇറാൻ സൈന്യം തിരിച്ചടി നൽകിയത്. നൂറുകണക്കിന് ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മേഖലയിലുടനീളമുള്ള ശത്രുതാവളങ്ങൾക്ക് നേരെ നൂറോളം ഘട്ടങ്ങളിലായി ആക്രമണം നടത്തി. ഇതിന്റെ ഭാഗമായാണ് നാവികസേന എബ്രഹാം ലിങ്കണ് നേരെ മിസൈലുകൾ തൊടുത്തതെന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടി.
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഏറ്റവും ഭയപ്പെടുന്ന ഒരു പുതിയ ആയുധം ഉടൻ പുറത്തെടുക്കുമെന്നും തെഹ്‌റാൻ മുന്നറിയിപ്പ് നൽകി. ആയത്തുല്ല അലി ഖാംനഇയെയും സൈനിക കമാൻഡർമാരെയും വധിച്ചതിലൂടെ ഇറാനെ തകർക്കാമെന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മുജ്തബ ഖാംനഇയുടെ നേതൃത്വത്തിൽ ഇറാൻ പ്രതിരോധം കൂടുതൽ കരുത്തോടെ തുടരുകയാണെന്നും ശത്രുക്കൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും റിയർ അഡ്മിറൽ ഷഹറാം ഇറാനി വ്യക്തമാക്കി.
അറബിക്കടൽ ഭാഗത്തുനിന്നും ഹോർമുസ് കടലിടുക്ക് ഇറാൻ നിലവിൽ അടച്ചിരിക്കുകയാണ്. ഉപരോധങ്ങൾ മറികടന്നും ഇറാന്റെ ചരക്ക് കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുണ്ടെന്നും, ഏത് വെല്ലുവിളിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും നാവികസേനാ മേധാവി കൂട്ടിച്ചേർത്തു. ഇസ്ഫഹാനിലെ അട്ടിമറി നീക്കങ്ങളും വിഘടനവാദ ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയതായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും നേരത്തെ വ്യക്തമാക്കിയിരുന്നു.