ക്രിസ്തുദേവൻ്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുദേവൻ്റെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനാദിനമാണിന്ന്. ദുഃഖവെള്ളിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ കത്തോലിക്കാ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുരിശിൻ്റെ വഴി നടക്കും.
ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്നാനായ സഭകളുടെ നേതൃത്വത്തിൽ പാളയം സെയ്ൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നാണ് കുരിശിൻ്റെ വഴി ആരംഭിക്കുന്നത്. വൈകുന്നേരം ദേവാലയങ്ങളിൽ പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന എന്നിവ നടക്കും. പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുസ്വരൂപ വണക്കവും ദുഃഖവെള്ളി ചടങ്ങുകളുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം ക്രിസ്തുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിൻ്റെയും അന്ത്യ അത്താഴത്തിൻ്റെയും ഓർമ്മ പുതുക്കി വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. പാളയം സെയ്ൻ്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും, പട്ടം സെയ്ൻ്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
നാളെ രാത്രി പെസഹ ജാഗരവും പുത്തൻ തിരിയും വെള്ളവും ആശീർവദിക്കലും നടക്കും. ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്റർ ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെയും വൈകീട്ടും ദേവാലയങ്ങളിൽ പ്രത്യേക ദിവ്യബലികൾ ഉണ്ടായിരിക്കും.