‘അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെടുത്തി’; പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ
തെഹ്റാൻ: വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ. തെക്കൻ ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ രക്ഷാദൗത്യം പരാജയപ്പെടുത്തിയതായി ഖതമുൽ അൻബിയ വ്യക്തമാക്കി. തങ്ങൾ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക അയച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സി-130 സൈനിക വിമാനവും ഇറാൻ സൈന്യം വെടിവെച്ചിട്ടതായി അധികൃതർ വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇറാൻ ആർമി, ബസിജ് സേന എന്നിവർ സംയുക്തമായാണ് ഈ നടപടി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്.
1980ൽ ഇറാനിൽ അമേരിക്ക നടത്തിയ തബാസ് ഓപറേഷനുണ്ടായതിനേക്കാൾ വലിയൊരു നാണക്കേടാണ് ഇപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ചിരിക്കുന്നതെന്ന് ഇറാൻ സൈനിക വക്താക്കൾ വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന പോസ്റ്റിന് മറുപടിയായിട്ടാണ് ഇറാൻ റവല്യൂഷനറി ഗാർഡിന്റെ പ്രതികരണം. ഈ വാദം അമേരിക്കയുടെ പരാജയം മറച്ചുവെക്കാൻ വേണ്ടിയാണെന്ന് ഇറാൻ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരെ ആര് ആക്രമണം നടത്തിയാലും അവരുടെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി.