ഇറാനിൽ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം; വിവരം ചോർത്തിയയാളെ ജയിലിലടക്കും, ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനിൽ തകർന്ന യുദ്ധ വിമാനത്തിലെ യുഎസ് സൈനികനു വേണ്ടിയുള്ള രക്ഷാപ്രവർത്തന വിവരങ്ങൾ ചോർത്തിയയാളെ ജയിലിലടക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് പേരിൽ ആദ്യ പൈലറ്റിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ മാധ്യമപ്രവർത്തകൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ദേശീയ സുരക്ഷാ കാരണങ്ങളാൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ അതിർത്തിയിൽ വെച്ച് വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഈ വിവരം പുറത്തുവന്നത് രണ്ടാമത്തെ പൈലറ്റിന്റെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നാണ് ട്രംപ് പക്ഷത്തിന്റെ വാദം. വിവരങ്ങൾ ചോർത്തിയ വ്യക്തിയെ കണ്ടെത്താൻ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വീഴ്ചകൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസ്, സി.ബി.എസ്. ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ രക്ഷാപ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, ഏത് മാധ്യമപ്രവർത്തകനെതിരെയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇറാൻ വിഷയത്തിൽ അമേരിക്കൻ മാധ്യമങ്ങളുടെ നിലപാട് നിഷേധാത്മകമാണെന്നും രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെ, മാധ്യമങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് കർശന നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനും സൂചന നൽകിയിട്ടുണ്ട്. പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂടത്തിന്റെ ഈ കടന്നുകയറ്റത്തിനെതിരെ ലോകമെമ്പാടുമുള്ള മാധ്യമക്കൂട്ടായ്മകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.