01/04/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ യുദ്ധം: അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ

 ഇറാൻ യുദ്ധം: അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനെതിരെ ഏക പക്ഷീകയമായി അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധം മേഖലയിലെ സമാധാനത്തിന് തിരിച്ചടിയാകുമെന്നാണ് യൂറോപ്യൻ യൂണിയന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിലയിരുത്തൽ. അമേരിക്ക കരയുദ്ധത്തിനായി തയാറെടുക്കുകയും ചെയ്തതോടെ മേഖല സമ്പൂർണ യുദ്ധത്തിലേക്ക് വഴിമാറുമെന്ന ആശങ്കയും ഈ രാജ്യങ്ങൾ പ്രകടിപ്പിച്ചു.

ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങളിൽ പലതിനും തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സൂചനയും ചില രാജ്യങ്ങൾ നൽകുന്നുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഒരു വലിയ പ്രാദേശിക യുദ്ധത്തിന് കാരണമായേക്കുമെന്നും അത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ സുരക്ഷയെയും സാരമായി ബാധിക്കുമെന്നും യൂറോപ്പ് ഭയപ്പെടുന്നു.

ഇറാനെതിരെയുള്ള സമ്മർദ്ദം വർദ്ധിപ്പിക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഉറച്ചുനിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നത് തങ്ങളുടെ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യൂറോപ്യൻ നേതാക്കൾ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നേരത്തെ സ്‌പെയിനും ഇറ്റലിയും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വ്യോമാതിർത്തിയും സൈനിക താവളങ്ങളും അമേരിക്കൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി തടഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയമായ ഈ യുദ്ധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയിലെ സമാധാനം പൂർണ്ണമായും തകർക്കുമെന്നും സ്‌പെയിൻ പരസ്യമായി പ്രഖ്യാപിച്ചു.

ഫ്രാൻസും തങ്ങളുടെ ആകാശപാത അമേരിക്കൻ വിമാനങ്ങൾക്കായി തുറന്നുനൽകാൻ വിസമ്മതിച്ചതോടെ, യൂറോപ്പിലെ പ്രബല ശക്തികൾ അമേരിക്കയുടെ യുദ്ധ മോഹങ്ങളിൽ നിന്ന് അകലം പാലിക്കുകയാണെന്ന് വ്യക്തമായി. ഈ രാജ്യങ്ങളുടെ ശക്തമായ നിലപാട് കാരണം അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് അവരുടെ നീക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ ഈ പിൻമാറ്റത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യൂറോപ്യൻ രാജ്യങ്ങൾ തങ്ങളെ സഹായിക്കുന്നില്ലെന്ന് വിമർശിച്ചു. ഇത് നാറ്റോ സഖ്യത്തിനുള്ളിലെ വലിയ വിള്ളലായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Also read: