13/04/2026
[fontresizer_tawhidurrahmandear_widget]

പാചകവാതകം ഡെലിവറി ചെയ്‌തെന്ന് മെസേജ്; വീട്ടിലേക്ക് ഓർഡർ ചെയ്യുന്ന സിലിണ്ടറുകൾ മുക്കി ഏജൻസികൾ

 പാചകവാതകം ഡെലിവറി ചെയ്‌തെന്ന് മെസേജ്; വീട്ടിലേക്ക് ഓർഡർ ചെയ്യുന്ന സിലിണ്ടറുകൾ മുക്കി ഏജൻസികൾ

ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം മുതലെടുത്ത് ഏജൻസികൾ. രാജ്യത്ത് വിതരണം ചെയ്യുന്ന എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നതായാണ് വിവിധ റിപ്പാർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ ബുക്ക് ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തുന്നില്ലെങ്കിലും ഡെലിവേർഡ് എന്ന സന്ദേശം മൊബൈലിൽ എത്തുന്നുണ്ടെന്ന പരാതികൾ ഉയർന്ന് വരുന്നതാണ് പുതിയ പ്രതിസന്ധി. ഈ സിലിണ്ടറുകൾ ഏജൻസികൾ കരിഞ്ചന്തയിലേക്ക് മറിച്ചു വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ നേരിടുന്ന ക്ഷാമം കാരണം കരിഞ്ചന്തയിൽ നിന്നുള്ള കൂടുതൽ ലാഭം പ്രതീക്ഷിച്ചാണ് ഗ്യാസ് ഏജൻസികളും വിതരണക്കാരും ചേർന്ന് ഇത്തരമൊരു തട്ടിപ്പ് നടത്തുന്നത്. ഡൽഹി, പട്‌ന, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് തങ്ങൾക്ക് സിലിണ്ടർ ലഭിച്ചില്ലെന്നും എന്നാൽ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് സിലിണ്ടർ വിതരണം ചെയ്തതായി കാണിക്കുന്നുവെന്നും പരാതിപ്പെടുന്നത്.

ചിലയിടങ്ങളിൽ ഉപഭോക്താക്കൾ ഒടിപി നൽകാതെ തന്നെ സിലിണ്ടർ വിതരണം ചെയ്തതായി രേഖപ്പെടുത്തുന്നു. സാധാരണ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള സബ്‌സിഡി സിലിണ്ടറുകൾ ഇത്തരത്തിൽ വ്യാജമായി വിതരണം ചെയ്‌തെന്ന് കാണിച്ച് വ്യാവസായിക ആവശ്യങ്ങൾക്കായി മറിച്ചുവിൽക്കുന്നു. ഇത് സാധാരണക്കാരുടെ അടുത്ത മാസത്തെ ബുക്കിംഗിനെയും ബാധിക്കുന്നുണ്ട്. കാരണം, ഒരു സിലിണ്ടർ ലഭിച്ചാൽ അടുത്ത ബുക്കിംഗിനായി നിശ്ചിത ദിവസങ്ങൾ കാത്തിരിക്കണം എന്ന നിയമവും നിലവിലുണ്ട്.

പല ഉപഭോക്താക്കളും സിലിണ്ടറിനായി ദിവസങ്ങളോളം ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നു. ഏജൻസികൾ ഫോൺ എടുക്കുന്നില്ലെന്നും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പരാതിയുണ്ട്. സർക്കാർ തലത്തിൽ വിതരണം സുഗമമാണെന്ന് അവകാശപ്പെടുമ്പോഴും താഴെത്തട്ടിൽ വിതരണക്കാർ നടത്തുന്ന ഈ തട്ടിപ്പ് സാധാരണക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. എണ്ണക്കമ്പനികളുടെ സോഫ്റ്റ്‌വെയറിലെ തകരാറാണോ അതോ മനഃപൂർവമുള്ള ക്രമക്കേടാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Also read: