മലേഗാവ് സ്‌ഫോടനക്കേസ്: കുറ്റവിമുക്തനായതിന് പിന്നാലെ കേണൽ പുരോഹിതിന് സ്ഥാനക്കയറ്റം നൽകി കേന്ദ്രം
ന്യൂഡൽഹി: മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിഗേഡിയർ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ അനുമതി നൽകി കേന്ദ്രം. 2026 മാർച്ച് 31ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ സേവനകാലാവധി സായുധ സേനാ ട്രിബ്യൂണൽ സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. 17 വർഷത്തെ വിചാരണക്കൊടുവിൽ 2025 ജൂലൈയിൽ മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതി പുരോഹിത് ഉൾപ്പെടെയുള്ള ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. കേസിലെ വിചാരണ നീണ്ടുപോയത് തന്റെ ഔദ്യോഗിക ജീവിതത്തെയും സ്ഥാനക്കയറ്റത്തെയും ദോഷകരമായി ബാധിച്ചെന്ന് കാണിച്ചെന്ന് പുരോഹിത് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഈ പരാതി പരിഗണിച്ച ട്രിബ്യൂണൽ, അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുന്നത് വരെ വിരമിക്കൽ നടപടികൾ നിർത്തിവെക്കാൻ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.
2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് ലഫ്. കേണൽ പുരോഹിത്, ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ എന്നിവരടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് വർഷത്തോളം ജയിൽവാസം അനുഭവിച്ച പുരോഹിതിന് 2017ലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പ്രതികളെയെല്ലാം തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തന്റെ സീനിയോറിറ്റിയും അർഹമായ സ്ഥാനക്കയറ്റങ്ങളും തിരികെ ലഭിക്കണമെന്ന പുരോഹിതിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ബ്രിഗേഡിയർ റാങ്കിലേക്കുള്ള അദ്ദേഹത്തിന്റെ വഴി തെളിഞ്ഞിരിക്കുന്നത്. സൈനിക ഇന്റലിജൻസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് അദ്ദേഹം ഈ കേസിൽ ഉൾപ്പെട്ടത്. നിലവിൽ സൈന്യം പ്രൊമോഷന് ക്ലിയറൻസ് നൽകിയതോടെ അദ്ദേഹത്തിന് വിരമിക്കുന്നതിന് മുൻപ് തന്നെ ഉയർന്ന പദവിയിൽ സേവനമനുഷ്ഠിക്കാൻ സാധിക്കും.
രാജ്യത്ത് ഏറ്റവും ദീർഘമായ വിചാരണ നടന്ന ഭീകരാക്രമണ കേസുകളിൽ ഒന്നായ മലേഗാവ് സ്‌ഫോടനം ആദ്യം അന്യേഷിച്ചത് മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ആണ്. സ്‌ഫോടനത്തിനു പിന്നിൽ ഹിന്ദു ജാഗരൺ മഞ്ചിന്റെ പോഷക സംഘനയായ രാഷ്ട്രീയ ജാഗരൺ മഞ്ച് ആണെന്നായിരുന്നു എടിഎസിന്റെ കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ സജീവ പ്രവർത്തകയായ പ്രജ്ഞയാണ് കേസിലെ മുഖ്യ പ്രതിയെന്ന് അന്നത്തെ പ്രോസിക്യൂട്ടർ അജയ് മിശർ പറഞ്ഞത്. എന്നാൽ 2011ൽ കേസ് എൻഐഎക്ക് കൈമാറിയതിനു പിന്നാലെ പല മൊഴികളും പ്രതികളെ മർദിച്ച് നിർബന്ധപൂർവം രേഖപ്പെടുത്തിയതാണെന്ന് നിലപാടെടുത്തു. 2016ലെ സപ്ലിമെന്റി ചാർജ് ഷീറ്റിൽ എടിഎസിന്റേതിൽ നിന്ന് വിരുദ്ധമായിരുന്നു എൻഐഎയുടെ കണ്ടെത്തലുകൾ. 2017ൽ കുറ്റാരോപിതർക്ക് ക്ലീൻചിറ്റ് നൽകിയ എൻഐഎ നീക്കത്തെ കോടതി റദ്ദാക്കിയിരുന്നു. 2025 ജൂലൈ 31നാണ് കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി വിചിത്ര വിധി പുറപ്പെടുവിപ്പിച്ചത്.