11/06/2026
[fontresizer_tawhidurrahmandear_widget]

കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി

 കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളികളെ കണ്ണീരിലാഴ്ത്തി ചിക്കമംഗളൂരുവിൽ നിന്ന് ഒടുവിൽ ആ ദുഃഖവാർത്തയെത്തി. നാല് ദിവസമായി ചിക്കമഗളൂരു മലനിരകളിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്ന് കണ്ടെടുത്തു. പൊലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള അഗാധമായ താഴ്ചയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിനോദയാത്ര സംഘത്തിനൊപ്പമെത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. മാതാപിതാക്കൾ ഉൾപ്പെടെ 40 പേരടങ്ങുന്ന സംഘമാണ് പാലക്കാട്ടുനിന്ന് ചിക്കമഗളൂരുവിലെത്തിയത്. ശ്രീനന്ദയെ തട്ടിക്കൊണ്ടുപോയതാകാമെന്ന കുടുംബത്തിന്റെ സംശയത്തെത്തുടർന്ന് കർണാടക വനംവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൊക്കയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് മാതാപിതാക്കൾ ഇപ്പോഴും ആരോപിക്കുന്നത്. മകൾക്ക് ആരെങ്കിലും ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നത്. 15 മിനിറ്റെന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടി എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

Also read: