‘ലഹരി കൊടുത്തു തട്ടികൊണ്ടുപോയതാകാം’: ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ കുടുംബം: തിരച്ചിൽ നാലാം ദിവസത്തിലേക്ക്
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമംഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള (15) തിരച്ചിൽ അതീവ ദുഷ്കരമായി തുടരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയായ ബാബാ ബുധാൻഗിരിയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനായി അത്യാധുനിക ഡ്രോൺ ക്യാമറകളും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. തിരച്ചിൽ മൂന്നാം ദിവസം പിന്നിട്ടിരിക്കുകയാണ്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടത്തിൽപ്പെട്ടത്. മറ്റ് രണ്ട് കുട്ടികളോടൊപ്പം വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ഫോട്ടോ എടുത്തതിന് പിന്നാലെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. സംഘം മലയിറങ്ങാൻ തുടങ്ങുമ്പോഴാണ് പെൺകുട്ടി കൂടെയില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ശ്രീനന്ദ വെള്ളച്ചാട്ടത്തിൽ വീഴാനുള്ള സാധ്യത ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നെങ്കിലും, വിശദമായ പരിശോധനകൾക്ക് ശേഷം പോലീസ് ആ സാധ്യത തള്ളിക്കളഞ്ഞു.
ശ്രീനന്ദയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ഗൗരവകരമായ സംശയമാണ് കുടുംബം ഇപ്പോൾ ഉന്നയിക്കുന്നത്. കുട്ടിയെ ലഹരിവസ്തുക്കൾ നൽകി മയക്കി അപഹരിച്ചതാകാമെന്ന് ശ്രീനന്ദയുടെ അമ്മ രേണുക വികാരാധീനയായി പറഞ്ഞു. ബെംഗളൂരുവിലോ ഹമ്പിയിലോ വെച്ച് ആരെങ്കിലും കുട്ടിയെ നിരീക്ഷിച്ചിട്ടുണ്ടാകാമെന്നും, തിരക്കിനിടയിൽ പെൺകുട്ടി ഒറ്റപ്പെട്ട സമയത്ത് തട്ടിക്കൊണ്ടുപോയതാകാമെന്നുമാണ് കുടുംബത്തിന്റെ പരാതി.
ചൊവ്വാഴ്ച വൈകിട്ട് 5:20-ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ ശ്രീനന്ദ കൃത്യമായി ഉണ്ടായിരുന്നു. എന്നാൽ വെറും 15 മിനിറ്റിന് ശേഷം, അതായത് 5:35-ന് എടുത്ത ചിത്രങ്ങളിൽ പെൺകുട്ടി ഇല്ലായിരുന്നു. അതിവേഗത്തിൽ നടന്ന ഈ അപ്രത്യക്ഷമാകലാണ് തട്ടിക്കൊണ്ടുപോകൽ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. ചിക്കമഗളൂരു നോർത്ത് പോലീസിൽ കുടുംബം ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസമയത്ത് പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തുപോയ ഒമ്പതോളം വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ എത്തിയത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തിന് സഹായവുമായി സംഭവസ്ഥലത്ത് തങ്ങുകയാണ്. ശ്രീനന്ദയും സംഘവും വ്യൂപോയിന്റിൽ ഉണ്ടായിരുന്ന സമയത്ത് മറ്റ് പത്തോളം പേർ കൂടി അവിടെയുണ്ടായിരുന്നു. ഇവരെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. കനത്ത മഞ്ഞും ദുർഘടമായ ഭൂപ്രകൃതിയും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.