25/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറ്റലി യുഎസിനെ സഹായിക്കാത്തത് ഞെട്ടിച്ചു’; മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്, സഖ്യത്തിൽ വിള്ളൽ

 ‘ഇറ്റലി യുഎസിനെ സഹായിക്കാത്തത് ഞെട്ടിച്ചു’; മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്, സഖ്യത്തിൽ വിള്ളൽ

വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിസമ്മതിച്ച മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ് തുറന്നടിച്ചു.

അമേരിക്കയെ സഹായിക്കാൻ മെലോണി തയ്യാറാകാത്തത് തന്നെ ഞെട്ടിച്ചുവെന്നാണ് ഒരു അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. “മെലോണി ഒന്നും ചെയ്യുന്നില്ല എന്നതിൽ ഇറ്റാലിയൻ ജനത സംതൃപ്തരാണോ?” എന്ന് പരിഹസിച്ച ട്രംപ്, ഇറാൻ്റെ പക്കൽ ആണവായുധം ഉണ്ടായാൽ രണ്ട് മിനിറ്റിനുള്ളിൽ ഇറ്റലി തകരുമെന്നും മെലോണി ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നും ആരോപിച്ചു. മെലോണിയാണ് നിലവിൽ തനിക്ക് ‘അസ്വീകാര്യയായ വ്യക്തി’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർപാപ്പയെ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ വിവാദ പരാമർശങ്ങളാണ് തർക്കം രൂക്ഷമാക്കിയത്. മാർപാപ്പ തീവ്ര ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നുമുള്ള ട്രംപിൻ്റെ വിമർശനത്തെ മെലോണി ശക്തമായി എതിർത്തു. രാഷ്ട്രീയ നേതാക്കളുടെ നിർദ്ദേശങ്ങൾ മതനേതാക്കൾ പാലിക്കണമെന്ന് നിർബന്ധമുള്ള ഒരു ലോകത്ത് സമാധാനമായി ജീവിക്കാൻ കഴിയില്ലെന്നായിരുന്നു മെലോണിയുടെ തിരിച്ചടി. അമേരിക്ക പ്രധാന സഖ്യകക്ഷിയാണെങ്കിലും തെറ്റായ കാര്യങ്ങളെ എതിർക്കാൻ ഇറ്റലിക്ക് മടിയില്ലെന്നും അവർ വ്യക്തമാക്കി.

ഇറാൻ സംഘർഷം മുറുകുന്നതോടെ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ട്രംപിന് നഷ്ടപ്പെടുന്നത് നാറ്റോയ്ക്കുള്ളിലും വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. നാറ്റോയെ ഒരു ‘പേപ്പർ ടൈഗർ’എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്നെ പിന്തുണയ്ക്കാത്ത സ്പെയിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കി. ബ്രിട്ടനും സ്പെയിനും നൽകുന്ന പിന്തുണ മതിയാകുന്നില്ലെന്നും അമേരിക്കയെ സഹായിക്കാൻ കഴിയാത്തവർ എണ്ണ സ്വന്തമായി കണ്ടെത്തട്ടെ എന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

അതേസമയം, ഇസ്രയേലുമായുള്ള ഇറ്റലിയുടെ ബന്ധവും വഷളാവുകയാണ്. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലുള്ള ഇറ്റാലിയൻ സൈനികർക്ക് നേരെ ഇസ്രയേൽ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് 2016 മുതലുള്ള പ്രതിരോധ കരാറുകൾ ഇറ്റലി റദ്ദാക്കി. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി ഇസ്രയേൽ വ്യോമാക്രമണങ്ങളെ വിമർശിച്ചത് നയതന്ത്ര പ്രതിസന്ധി ഇരട്ടിയാക്കി. ഒരുകാലത്ത് ട്രംപിന്റെ ഉറച്ച സഖ്യകക്ഷികളായിരുന്നവർ പോലും അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് വൈറ്റ് ഹൗസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Also read: