“ഓയ് അന്ധേരേ”;കളിയാക്കിയത് അതിരു കടന്നോ? അർഷ്ദീപ് വീണ്ടും വിവാദത്തിൽ; തിലക് വർമയെ അധിക്ഷേപിച്ചെന്ന് സോഷ്യൽ മീഡിയ
ധരംശാല: പഞ്ചാബ് കിങ്‌സ് പേസർ അർഷ്ദീപ് സിങ് വീണ്ടും വിവാദച്ചുഴിയിൽ. മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ തൊലിനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുന്നത്. സീസണിൽ ഇത് രണ്ടാം തവണയാണ് അർഷ്ദീപ് ഇത്തരം അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുന്നത്.
ഇരുടീമുകളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി അർഷ്ദീപ് തന്നെ പങ്കുവെച്ച ഒരു സ്നാപ്ചാറ്റ് വീഡിയോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വീഡിയോയിൽ തിലക് വർമയെ അർഷ്ദീപ് “ഓയ്, അന്ധേരേ” (കറുത്തവനെ/ഇരുണ്ട നിറമുള്ളവനെ) എന്ന് വിളിക്കുന്നതായാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് തിലകിനോട് സൺസ്‌ക്രീൻ ഉപയോഗിക്കാനും താരം പരിഹാസരൂപേണ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ഇത് വംശീയ അധിക്ഷേപമാണെന്നും അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള തമാശയാണെങ്കിൽ പോലും പൊതുവിടത്തിൽ തൊലിനിറത്തെ കളിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആരാധകർ എക്‌സിൽ കുറിച്ചു.
നേരത്തെ, ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹാൽ വിമാനത്തിനുള്ളിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ അർഷ്ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബിസിസിഐ അർഷ്ദീപിനോട് വ്ലോഗിങ് നിർത്താൻ കർശന നിർദേശം നൽകിയിരുന്നു. ആ വിവാദം അടങ്ങുന്നതിന് മുൻപാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. കളിക്കളത്തിൽ തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ തോറ്റതിന് പിന്നാലെ അർഷ്ദീപിന്റെ ഈ പെരുമാറ്റം കൂടി പുറത്തുവന്നത് പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്റിനും തലവേദനയായിരിക്കുകയാണ്.