കോവളം സ്‌പാ പീഡനക്കേസ്: കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ; സസ്‌പെൻഷൻ
തിരുവനന്തപുരം: കോവളം സ്‌പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ തുടർന്ന് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. സംഭവത്തെ തുടർന്ന് നഗരസഭ ഇയാളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളെല്ലാം ഇതിനോടകം അറസ്റ്റിലായതായി അന്വേഷണസംഘം അറിയിച്ചു. സ്‌പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്തും അനുരൂപും തമ്മിൽ നിരന്തരമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ രേഖകളും തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ മറ്റ് ബിസിനസ് ബന്ധങ്ങളില്ലാത്തതിനാൽ, സ്ഥാപനം അനുരൂപിൻ്റെ ബിനാമി ഇടപാടാണോ എന്നും മറ്റു സ്‌പാകളുമായി ഇയാൾക്ക് സമാന ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒരു ദിവസം പതിനഞ്ചോളം പേർ വരെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ മൂന്നും തമിഴ്‌നാട്ടിലെ വിവിധ സ്‌പാകളിലും വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.