19/10/2026
[fontresizer_tawhidurrahmandear_widget]

‘കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ആ കുട്ടികൾ, പണത്തിന്റെ ഹുങ്കും മദ്യവും എല്ലാം തകർത്തു’; സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ കുടുംബം

 ‘കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ആ കുട്ടികൾ, പണത്തിന്റെ ഹുങ്കും മദ്യവും എല്ലാം തകർത്തു’; സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ കുടുംബം

വയനാട്: കൊച്ചി നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ദേവികയുടെ കുടുംബം രംഗത്ത്. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും വ്യക്തമാക്കിയ കുടുംബം തങ്ങൾക്ക് അർഹമായ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൽപറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകൾ ദേവിക (കുക്കു-21), മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ് കുമാറിന്റെയും സജിതയുടെയും മകൾ എം.പി. ഗോപിക (21), സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയ്യാസ് (21) എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

കാർ ഓടിച്ച ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ (19) ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ദേവികയുടെ അമ്മാവൻ സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:

“മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകും എന്ന് വിശ്വസിച്ചിരുന്നവരാണ്. അതിനൊത്തുതന്നെയാണ് അവർ മുന്നോട്ടു പോയിരുന്നതും. രണ്ടോ മൂന്നോ മാസത്തിൽ നല്ല ജോലികളിൽ പ്രവേശിക്കാനിരുന്നവരാണ് അവർ. ഒരാളുടെ പണത്തിൻ്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തത്. ഞങ്ങൾക്ക് നീതി ലഭിച്ചേ മതിയാകൂ. ഇനി ജീവിതത്തിൽ ഇത്തരമൊരു അപകടം വേറെ ഒരു കുട്ടികൾക്കും, ആർക്കും വരരുത്.”

തുടർന്ന് അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെ:

“സുഹൈലിൻ്റെ പേരിൽ ബിഎൻഎസ് 105 പ്രകാരം മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. അവന്റെ പേരിൽ കൊലക്കുറ്റത്തിന് വേണം കേസെടുക്കാൻ. കേസിൻ്റെ കാര്യം എന്റെ വാപ്പച്ചി നോക്കിക്കോളും എന്നാണ് സുഹൈൽ പറഞ്ഞുകൊണ്ടിരുന്നത്. കേസ് വാപ്പച്ചി അട്ടിമറിച്ചോളും എന്നൊക്കെ പറയുന്നത് പണത്തിൻ്റെ ഹുങ്കാണ്.”

സുഹൈൽ അക്രമാസക്തനായി ആക്രോശിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. “ഇത് കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടമാണോ എന്നുപോലും സംശയമുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും അനുകമ്പാപൂർവമുള്ള പെരുമാറ്റമാണ് ഉണ്ടായത്. വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരാമെന്നാണ് മന്ത്രിമാരായ രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും പറഞ്ഞത്. സർക്കാർ ഈ വിഷയത്തിൽ നീതി നേടി തരും എന്ന് ഉത്തമവിശ്വാസമുണ്ട്,” സന്ദീപ് പറഞ്ഞു.

പ്രതി സുഹൈൽ അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായും കാർ അതിവേഗത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവിനെ (22) പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർത്ഥിയാണ് സുഹൈൽ. കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസം. അപകടത്തിന് പിന്നാലെ നാട്ടുകാർ സുഹൈലിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ സമയം, നാട്ടുകാരോട് തട്ടിക്കയറിയ പ്രതി “എല്ലാം തന്റെ വാപ്പ നോക്കിക്കൊള്ളും” എന്ന് ആക്രോശിച്ചിരുന്നു.

ബിരുദധാരികളായ മൂവരും മറ്റു കോഴ്സുകൾ പഠിക്കുന്നതിനൊപ്പം ഉച്ചയ്ക്കുശേഷം തൃക്കാക്കരയിലെ ‘സുക്കോയോ സ്റ്റോറി’ൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11-ന് ജോലി കഴിഞ്ഞ് വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ചശേഷം അത്താണി ഭാഗത്തേക്ക് മടങ്ങുമ്പോഴാണ് പിന്നിൽ വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.

Also read: