‘പ്രണയത്തിൻ്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു, മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്’; ഗുരുതര ആരോപണവുമായി പിതാവ്
തൃശൂര്: കൊടുങ്ങല്ലൂരിൽ പതിനെട്ടുകാരൻ ജീവനൊടുക്കിയതിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രംഗത്ത്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് മരിച്ചത്. പ്രണയത്തിന്റെ പേരിൽ തന്റെ രണ്ടു മക്കളെയും പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇളയ മകൻ ജീവനൊടുക്കിയെന്നും പിതാവ് ആരോപിക്കുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെയാണ് നൗഷാദ് ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 27-ാം തീയതി വൈകുന്നേരമാണ് കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്നും സി.ഐ വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോൺ കോൾ വന്നതെന്ന് നൗഷാദ് പറയുന്നു. മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടെന്ന് വരണമെന്നും ആവശ്യപ്പെട്ടു. ടാക്സി ഡ്രൈവറായ നൗഷാദ് ഓട്ടത്തിലായതിനാൽ ഉടൻ പോകാനായില്ല. തുടർന്ന് 22 കാരനായ മൂത്ത മകനെ സ്റ്റേഷിലേക്ക് അയക്കുകയായിരുന്നു. ഓട്ടം കഴിഞ്ഞ് രാത്രി സ്റ്റേഷനിൽ എത്തിയപ്പോൾ മകൻ ഒരു പെൺകുട്ടിയുടെ കൈയിൽ നിന്നും 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാർ വാങ്ങിയെന്നാരോപിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും നൗഷാദ് വ്യക്തമാക്കുന്നു.
സ്റ്റേഷനിൽ വെച്ച് ഇളയ മകനെയും മൂത്ത മകനെയും പൊലീസ് ക്രൂരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും നൗഷാദ് ആരോപിച്ചു. മർദനം സഹിക്കവയ്യാതെ മൂത്ത മകൻ താനാണ് എല്ലാം ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് മൂത്ത മകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പൊലീസ് പ്രചരിപ്പിച്ചെന്നും പ്രായപൂർത്തിയാകാത്ത ഇളയ മകന് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാൻ ശ്രമിച്ചെന്നും നൗഷാദ് കുറ്റപ്പെടുത്തുന്നു.
സെപ്റ്റംബർ 27-ന് കസ്റ്റഡിയിലെടുത്ത മക്കളെ മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയിലും ജുവനൈൽ ബോർഡിനും മുന്നിൽ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം സഹോദരൻ ജയിലിലായതിന്റെ വേദനയിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിരന്തര മാനസിക പീഡനങ്ങളുടെയും മനോവിഷമത്തിലാണ് അസ്ലം ജീവനൊടുക്കിയതെന്ന് നൗഷാദ് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ വാങ്ങി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.