അതിരടിയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവന്നപ്പോൾ പലർക്കും എന്റെ ഫിറ്റ്നസ് കണ്ട് വിശ്വസിക്കാനായില്ല, എഐ ആണെന്ന് കരുതി പ്രോമറ്റ് ചോദിച്ചവരുണ്ട്; ബേസിലിൻ്റെ ബോഡി ട്രാൻസ്ഫോർമേഷൻ
കൊച്ചി: ഒരു വർഷത്തെ കഠിനപ്രയത്നത്തിലൂടെ 15 കിലോ ശരീരഭാരം കുറച്ച് അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ പുതിയ ചിത്രമായ ‘അതിരടി’യിലെ കോളജ് വിദ്യാർത്ഥിയുടെ വേഷത്തിനായി നടത്തിയ ഈ മാറ്റത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ബേസിൽ മനസ്സ് തുറന്നു. കൃത്യമായ ഡയറ്റും ചിട്ടയായ വർക്കൗട്ടുമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് താരം പറയുന്നു.
പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീരപ്രകൃതിയായതിനാൽ മുൻപ് പലതവണ ശ്രമിച്ചിട്ടും ഭാരം കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബേസിൽ ഓർക്കുന്നു. ഇതിനായി ‘ഇന്റർമിറ്റന്റ് ഫാസ്റ്റിങ്’ എന്ന രീതിയാണ് താരം പിന്തുടർന്നത്. 14 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം വർക്കൗട്ടിന് പോകും. കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവയ്ക്കൊപ്പം ദിവസവും 8 മുതൽ 10 കിലോമീറ്റർ വരെ ഓടുകയും ചെയ്തിരുന്നു. വ്യായാമത്തിന് ശേഷം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇത് ശരീരത്തിലെ അമിത കലോറി വേഗത്തിൽ കത്തിച്ചുകളയാൻ സഹായിച്ചതായി താരം വെളിപ്പെടുത്തി.
ഭക്ഷണ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളാണ് ബേസിൽ കൊണ്ടുവന്നത്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ഡയറ്റ് കൃത്യമായി പാലിക്കാനായി ഒരു പ്രത്യേക ഷെഫിനെ തന്നെ നിയമിച്ചു. ഒലിവ് ഓയിലിൽ തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണങ്ങളാണ് ഇപ്പോൾ കഴിക്കുന്നത്. മധുരം പൂർണ്ണമായും ഒഴിവാക്കിയില്ലെങ്കിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ഈ ജീവിതശൈലീ മാറ്റം തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും നല്ല ഉറക്കം ലഭിക്കാൻ സഹായിച്ചുവെന്നും ബേസിൽ പറഞ്ഞു. അതിരടിയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവന്നപ്പോൾ പലർക്കും എന്റെ ഫിറ്റ്നസ് കണ്ട് വിശ്വസിക്കാനായില്ല. എഐ ആണെന്ന് കരുതി പ്രോമറ്റ് ചോദിച്ചവരുണ്ട്, ബേസിൽ ചിരിയോടെ കൂട്ടിച്ചേർത്തു.