അമേരിക്കയെ ഞെട്ടിച്ച് ചൈനയുടെ കൂറ്റൻ സ്റ്റെൽത്ത് വിമാനങ്ങൾ; രഹസ്യ ഡ്രോൺ പരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
മലാൻ: ചൈനയിലെ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു ഡ്രോൺ പരീക്ഷണ കേന്ദ്രത്തിൽ ഒരേസമയം ഒന്നിലധികം കൂറ്റൻ സ്റ്റെൽത്ത് ഫ്ലയിംഗ് വിങ് വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടത് ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചയാകുന്നു. ഉപഗ്രഹ ചിത്രങ്ങൾ വഴിയാണ് ചൈനയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഈ രഹസ്യ താവളത്തിൽ വിമാനങ്ങൾ ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ ശേഷിയുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ വിമാനങ്ങൾ ചൈനയുടെ വികസിത ഡ്രോൺ പദ്ധതികളുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. ചൈനയുടെ കരുത്തുറ്റ ബോംബർ വിമാനമായ H-20 യോട് സാമ്യമുള്ള ഡിസൈനുകളാണ് ഇവയ്ക്കുള്ളതെങ്കിലും, ഇവ ആളില്ലാ വിമാനങ്ങളായ ഡ്രോണുകൾ ആയിരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാധാരണഗതിയിൽ അതീവ രഹസ്യമായി മാത്രം പരീക്ഷണം നടത്തുന്ന ഇത്തരം വിമാനങ്ങൾ ഇത്രയധികം എണ്ണം ഒരേസമയം പുറത്തുകാണുന്നത് ചൈനയുടെ വ്യോമയാന സാങ്കേതികവിദ്യയിലെ വൻ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.
നിരീക്ഷണങ്ങൾക്കും ദീർഘദൂര ആക്രമണങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനങ്ങൾ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിൽ ഏറ്റവും വലിയ വിമാനത്തെ ‘മോൺസ്റ്റർ ഓഫ് മലാൻ’ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചിറകുകളുടെ നീളം ഏകദേശം 173 അടിയാണ്, അതായത് അമേരിക്കയുടെ വിഖ്യാത ബോംബർ വിമാനമായ ബി-2 സ്പിരിറ്റിന്റെ അത്രയും വലിപ്പം ഇതിനുണ്ട്. റൺവേയ്ക്ക് സമീപമുള്ള ഏപ്രണ്ണിലാണ് ഇത് പാർക്ക് ചെയ്തിരിക്കുന്നത്.
രണ്ടാമത്തെ ഡ്രോൺ ‘ക്രാങ്ക്ഡ് കൈറ്റ്’ മാതൃകയിലുള്ളതാണ്. ഇതിന് ഏകദേശം 137 അടി ചിറകളവുണ്ടെങ്കിലും, ആദ്യത്തേതിനേക്കാൾ കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് കരുതപ്പെടുന്നു. നിരീക്ഷണം നടത്തുന്നതിനും ദീർഘദൂര ആക്രമണങ്ങൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. ഈ രണ്ട് വിമാനങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. ഇവ കൂടാതെ, സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ മാതൃകയിലുള്ള മറ്റൊരു ചെറിയ ഡ്രോണും വൈ-20 ട്രാൻസ്‌പോർട്ട് വിമാനവും ചിത്രങ്ങളിൽ കാണാം.
അമേരിക്കയുടെ ആർ.ക്യു-180 സ്റ്റെൽത്ത് ഡ്രോണുകൾക്ക് മറുപടിയായാണ് ചൈന ഈ വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 2025-ലെ മിലിട്ടറി പരേഡിലൂടെയാണ് അത്യാധുനിക ഡ്രോൺ വികസനത്തിൽ ചൈന തങ്ങളുടെ താൽപ്പര്യം പരസ്യമാക്കിയത്. ഇപ്പോൾ ഇത്തരം അത്യാധുനിക യുദ്ധോപകരണങ്ങൾ ഒരേസമയം പരീക്ഷണ കേന്ദ്രത്തിൽ വിന്യസിച്ചത് ചൈനയുടെ വ്യോമയുദ്ധ ശേഷിയിലുണ്ടാകുന്ന വൻ കുതിച്ചുചാട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. പരീക്ഷണം പൂർത്തിയാകുന്നതോടെ ഇവ ചൈനീസ് വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും.