‘ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു’; തുറന്നുപറഞ്ഞ് ജാൻവി കപൂർ
മുംബൈ: തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജാൻവി കപൂർ. കൊവിഡ് കാലത്ത് ഏകദേശം ഒരു വർഷത്തോളം താൻ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
സാധാരണഗതിയിൽ മദ്യപിക്കുന്ന ശീലമില്ലാതിരുന്ന താൻ, ജീവിതത്തിലെ ചില ദുരിതപൂർണമായ അനുഭവങ്ങളെത്തുടർന്നാണ് മദ്യത്തിലേക്ക് തിരിഞ്ഞതെന്ന് ജാൻവി പറഞ്ഞു. എന്നാൽ ഈ ശീലം തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളിൽ താൻ അസ്വസ്ഥയായിരുന്നു. “രാവിലെ ഉണരുമ്പോൾ ശരീരത്തിൽ മദ്യത്തിന്റെ മണമുണ്ടാകുന്നത് എന്നെ അലട്ടിയിരുന്നു. ഹാങ്ങോവറോടെ എഴുന്നേൽക്കുന്നത് അസാധാരണമായ ഒരു ഘട്ടമായിരുന്നു. ആ ശീലം എനിക്ക് ഇഷ്ടമായിരുന്നില്ല,” ജാൻവി വ്യക്തമാക്കി.
താൻ മദ്യത്തിന് അടിമപ്പെടുകയോ അത് ദുരുപയോഗം ചെയ്യുകയോ അല്ല ചെയ്തതെന്നും, എന്നാൽ ആ കാലയളവ് അത്ര നല്ലതായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ജാൻവിയുടെ ഈ സത്യസന്ധമായ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.