ഭോജ്ശാല കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമെന്ന കോടതി വിധിക്ക് പിന്നാലെ പൂജയും ആരതിയും ആരംഭിച്ച് ഭക്തർ
ധാർ: ഭോജ്ശാല കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും ഹൈന്ദവ ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ, തർക്കഭൂമിയിൽ പൂജയും പ്രത്യേക ആരതിയും ആരംഭിച്ച് ഹൈന്ദവ ഭക്തർ. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇൻഡോർ ബെഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടായതോടെ നൂറുകണക്കിന് ഭക്തരും ഹൈന്ദവ സംഘടനകളിൽ പെട്ടവരും ഭോജ്ശാല സമുച്ചയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജസ്റ്റിസുമാരായ എസ്.എ. ധർമ്മാധികാരി, ഗജേന്ദ്ര സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് മുസ്ലിം വിഭാഗത്തിന് നിലവിൽ നൽകിയിരുന്ന നിസ്കാര അനുമതി പൂർണ്ണമായും റദ്ദാക്കിക്കൊണ്ട് ഹിന്ദുക്കൾക്ക് തടസ്സങ്ങളില്ലാത്ത ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച ശാസ്ത്രീയ സർവേ റിപ്പോർട്ട് പൂർണ്ണമായി അംഗീകരിച്ചാണ് കോടതിയുടെ സുപ്രധാന വിധി. സമുച്ചയത്തിനുള്ളിലെ തൂണുകൾ, ലിഖിതങ്ങൾ, ശില്പങ്ങൾ എന്നിവയെല്ലാം 11-ാം നൂറ്റാണ്ടിലെ ഹിന്ദു വാസ്തുവിദ്യയുടെ ഭാഗമാണെന്നും അവ പിൽക്കാലത്ത് മാറ്റം വരുത്തിയതാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ, നിലവിൽ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജയും വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾക്ക് നിസ്‌കാരവുമായി നിശ്ചയിച്ചിരുന്ന പുരാവസ്തു വകുപ്പിന്റെ മുൻ ഉത്തരവ് റദ്ദായി. പള്ളിയുടെ ഭാഗങ്ങളെന്ന് അവകാശപ്പെട്ട ഘടനകൾ ശാസ്ത്രീയ പരിശോധനയിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി, മുസ്ലിം വിഭാഗത്തിന് പള്ളി നിർമ്മിക്കാൻ സർക്കാർ പകരം ഭൂമി നൽകാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
1034-ൽ ഭോജരാജാവ് പണികഴിപ്പിച്ച വാഗ്ദേവി (സരസ്വതി) ക്ഷേത്രമായിരുന്നു ഇതെന്ന ചരിത്രപരമായ വാദത്തിനാണ് കോടതി ഇപ്പോൾ നിയമപരമായ സാധുത നൽകിയിരിക്കുന്നത്. വിധിക്ക് പിന്നാലെ സമുച്ചയത്തിനകത്ത് ഒത്തുകൂടിയ ഭക്തർ വാഗ്ദേവി കീ ജയ്, ജയ് ശ്രീറാം വിളികളോടെ കർപ്പൂര ആരതിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. സമുച്ചയത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ സമാനമായ മറ്റ് പുരാവസ്തു തർക്കങ്ങളിലും വലിയ നിയമപരമായ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് ഈ വിധി. അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ധാർ ജില്ലയിലുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.