‘ലബനൻ പിടിച്ചടക്കി സ്ത്രീകളെയും കുട്ടികളെയും തടവിലാക്കണം, അതാണ് ഹിസ്ബുല്ലയെ കൂടുതൽ വേദനിപ്പിക്കുക’: ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി
ബെയ്‌റൂത്ത്: ഹിസ്ബുല്ലയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ലബനൻ പിടിച്ചടക്കി സ്ത്രീകളെയും കുട്ടികളെയും ഭീകരവാദികളുടെ ജയിലിലേക്ക് അയക്കണമെന്ന നിർദേശവുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഹിസ്ബുള്ളയുടെ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനുമൊപ്പം ഇതും കൂടി ചെയ്യണം. ഇത്തരമൊരു നടപടിയാണ് അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുകയെന്നും പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇസ്രയേലിൽ നടത്തുന്ന പ്രത്യാക്രമണം വഴി സൈനികർക്കുണ്ടാകുന്ന നാശനഷ്ടങ്ങളും കണക്കിലെടുത്ത് ലെബനനിൽ കൂടുതൽ പ്രദേശങ്ങൾ കൈക്കലാക്കണമെന്നും സൈനിക നടപടികൾ ശക്തമാക്കണമെന്നും ഇറ്റാമർ ബെൻ ഗ്വിർ ആവശ്യപ്പെട്ടു.
കാബിനറ്റ് യോഗത്തിൽ പങ്കെടുത്ത മറ്റ് മന്ത്രിമാരും ലബനനിലെ ആക്രമണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ‘ദാഹിയേ’യിൽ ശക്തമായ വ്യോമാക്രമണം നടത്തണമെന്നും കൂടുതൽ ലബനൻ പ്രദേശങ്ങളിലേക്ക് സൈന്യത്തെ മുന്നോട്ട് നയിക്കണമെന്നും മറ്റ് ചില ഉദ്യോഗസ്ഥരും ഇതോടൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം മാർച്ച് മുതൽ ഇസ്രയേൽ സൈന്യം ലബനനിൽ നടത്തിവരുന്ന ശക്തമായ സൈനിക നടപടികളിൽ ഇതിനകം ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും വലിയൊരു വിഭാഗം ജനങ്ങൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത സാധാരണക്കാരായ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ബെൻഗ്വിറിന്റെ ഈ നിർദേശത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയരുന്നത്. സാധാരണക്കാരെ തടവിലാക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകളും നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ബന്ധുക്കളെ തടവിലാക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ആത്മവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെൻഗ്വിർ ഈ നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് ‘ദി ജെറുസലേം പോസ്റ്റ്’ ഉൾപ്പെടെയുള്ള റിപ്പോർട്ട് ചെയ്തു. എങ്കിലും സ്ത്രീകളെയും കുട്ടികളെയും തടവിലാക്കണമെന്ന ഈ പ്രത്യേക നിർദ്ദേശം ഇസ്രയേൽ ഔദ്യോഗിക നയമായി സ്വീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്തതായി യാതൊരു സൂചനയുമില്ല.