സിജെപി പ്രതിഷേധത്തിനിടെ കളിയാക്കിയ മാധ്യമ പ്രവർത്തകനോട് മാപ്പ് പറഞ്ഞ വിദ്യാർത്ഥികൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ലൈവ് റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ വിദ്യാർത്ഥികൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. ‘തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുന്ന ജനറേഷൻ’ എന്ന പ്രശംസയോടെയാണ് ആളുകൾ വിദ്യാർത്ഥികളെ പ്രശംസിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ ദേശീയ മാധ്യമങ്ങൾ അവഗണിച്ചു, അജണ്ടയോടെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഷേധം മാധ്യമപ്രവർത്തകരെ അറിയിച്ചത്. സമരം തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ദേശീയമാധ്യമങ്ങളുടെ ഇരട്ടത്താപ്പ് കാരണമാണ് റിപ്പോർട്ട് ചെയ്യാത്തത് എന്നിങ്ങനെയുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
റിപ്പോർങ്ങിനിടെ കടുത്ത അധിക്ഷേപങ്ങൾ നേരിട്ടിട്ടും മാധ്യമപ്രവർത്തകൻ കാണിച്ച സമചിത്തതയും ക്ഷമയും കണ്ടപ്പോൾ തങ്ങൾക്ക് വലിയ കുറ്റബോധം തോന്നിയെന്നും, സ്വന്തം തെറ്റ് മനസ്സിലാക്കിയാണ് മാപ്പ് അപേക്ഷിക്കുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. അത് വെറും വൈകാരിക പ്രകടനം മാത്രമായിരുന്നെന്നും അവർ അറിയിച്ചു. തെറ്റ് തുറന്നുസമ്മതിക്കാനും അത് തിരുത്താനും കാട്ടിയ ഈ പക്വതയെയും ജനാധിപത്യപരമായ നിലപാടിനെയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയടികളോടെ സ്വാഗതം ചെയ്യുന്നത്.