‘ജൂലൈ നാലിനകം വ്യാപാര കരാർ അംഗീകരിക്കണം, ഇല്ലെങ്കിൽ കനത്ത നികുതി’; യൂറോപ്യൻ യൂണിയന് ട്രംപിന്റെ ഭീഷണി
വാഷിങ്‌ടൺ: യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് വാഹനങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4-നകം യു.എസുമായുള്ള വ്യാപാര കരാറിൽ അന്തിമ തീരുമാനമെടുക്കണമെന്നാണ് ട്രംപിന്റെ കർശനമായ ആവശ്യം. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
യൂറോപ്യൻ വാഹനങ്ങളുടെ ഇറക്കുമതി നികുതി നിലവിലെ 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ ആഗോള വിപണിയിൽ സ്റ്റെല്ലാന്റിസ് ഉൾപ്പെടെയുള്ള പ്രമുഖ വാഹന നിർമ്മാതാക്കളുടെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി. 2025 ജൂലൈയിൽ ഇരുപക്ഷവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം, യു.എസ് വ്യാവസായിക ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചിരുന്നു. പകരം ഭൂരിഭാഗം യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കും 15 ശതമാനം എന്ന ഇളവ് നികുതി അമേരിക്കയും അനുവദിച്ചു.
എന്നാൽ ഈ കരാർ നടപ്പിലാക്കുന്നതിൽ യൂറോപ്യൻ യൂണിയൻ മനഃപൂർവം കാലതാമസം വരുത്തുന്നു എന്നാണ് ട്രംപിന്റെ ആരോപണം. അതേസമയം, കരാറിലെ ഭേദഗതികളെക്കുറിച്ച് യൂറോപ്യൻ പാർലമെന്റും അംഗരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്നും വരും ആഴ്ചകളിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. കരാർ ഒപ്പിട്ടില്ലെങ്കിൽ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത വ്യാപാരയുദ്ധത്തിലേക്ക് അമേരിക്ക നീങ്ങിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.