15/06/2026
[fontresizer_tawhidurrahmandear_widget]

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യം, വിദ്യാർഥികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ സൗജന്യ യാത്ര നൽകണം’: കെ.ബി. ഗണേഷ് കുമാർ

 ‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യം, വിദ്യാർഥികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ സൗജന്യ യാത്ര നൽകണം’: കെ.ബി. ഗണേഷ് കുമാർ

പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിലെ പദ്ധതിയാണിത്. അത് നടപ്പാക്കാൻ യു.ഡി.എഫ് ബാധ്യസ്ഥരാണ്. വിദ്യാർഥികളുടെ കാര്യത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണമെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കിയെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായി തള്ളി. വ്യാജ വാർത്തകൾ നിർമിച്ചു പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളുടെ ധാർമികതയ്ക്ക് ചേർന്നതല്ലെന്നും തെറ്റായ രേഖകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയർ സസ്പെൻഷൻ ഉള്ള ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്കാണ്. സ്പ്രിങ് സസ്പെൻഷൻ ഉള്ള ബസ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്കാണ്. എന്നാൽ, വാർത്തയിൽ ഒരു ബസിന് ഏഴു ലക്ഷം രൂപ അധികമായി നൽകിയെന്നാണ് പറയുന്നത്. ഈ വിവരങ്ങൾ വാസ്‌തവ വിരുദ്ധമാണ്. 30 ലക്ഷം മുടക്കി കെ.എസ്.ആർ.ടി.സിക്കു വേണ്ടി ബസുകൾ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകൾ വാങ്ങിയതിൽ ലാഭമാണ് ഉണ്ടാക്കിയത്. ഈ വ്യാജ രേഖ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ അന്വേഷിക്കണം. ഏത് ഉദ്യോഗസ്ഥനാണ് രേഖകൾ നൽകിയതെന്നും കണ്ടെത്തണം. ഇടതുപക്ഷം ഭരിച്ച കാലത്ത് അഴിമതി നടന്നിട്ടില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുള്ളത് കൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിൽ മന്ത്രിക്ക് മാത്രമായി ബസ് വാങ്ങാൻ കഴിയില്ല. ഉദ്യോഗസ്ഥരടക്കം തീരുമാനമെടുത്താണ് ബസുകൾ വാങ്ങുന്നത്. ബസ് വാങ്ങിയതിന് പ്രതിഫലമായി ടാറ്റ സിയറ കാർ സംഭാവനയായി വാങ്ങിയെന്നാണ് പ്രചാരണം. താൻ സംഭാവന വാങ്ങുന്ന ആളല്ല. ഫെഡറൽ ബാങ്കിൽ നിന്ന് വായ്‌ എടുത്താണ് കാർ വാങ്ങിയത്. രേഖകൾ പരിശോധിക്കാം. കാർ വാങ്ങണമെങ്കിൽ സിനിമയിൽ അഭിനയിച്ച് വാങ്ങിക്കോളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനത്തിന് ഒരു ഡിസ്കൗണ്ടും തന്നിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ തയാറാണ്, വേണമെങ്കിൽ സി.ബി.ഐ അന്വേഷിക്കട്ടെ. കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.

തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഡീൽ നടന്നത്. മതേതര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് താൻ തോറ്റത്. അതിനെ തോൽവിയായിട്ട് കാണുന്നില്ല. മതേതരത്തിന്റെ പേരിൽ തോറ്റെങ്കിൽ തന്റേത് ധാർമിക വിജയമാണ്. ഇപ്പോൾ പത്തനാപുരത്ത് ഉള്ളത് കോൺഗ്രസ്-ബി.ജെ.പി എം.എൽ.എയാണെന്നും അദ്ദേഹം പരിഹസിച്ചു. 17 വയസ്സിൽ ലൈസൻസ് എടുത്തുവെന്ന ആക്ഷേപം അത് തന്ന ഉദ്യോഗസ്ഥരോട് ചോദിക്കണം. അവർക്കെതിരെ നടപടി എടുക്കട്ടെ. ലൈസൻസിൽ എം.എൽ.എ എന്ന് ചേർത്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി താനല്ല. തനിക്ക് ഇന്റർനാഷണൽ ലൈസൻസുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: