14/05/2026
[fontresizer_tawhidurrahmandear_widget]

കെ.ബി ഗണേഷ്കുമാറിന് ലൈസൻസ് കിട്ടിയത് 18 വയസിന് മുമ്പ്; പേരിനൊപ്പം എംഎൽഎ പദവിയും; അന്വേഷണം ആരംഭിച്ചു

 കെ.ബി ഗണേഷ്കുമാറിന് ലൈസൻസ് കിട്ടിയത് 18 വയസിന് മുമ്പ്; പേരിനൊപ്പം എംഎൽഎ പദവിയും; അന്വേഷണം ആരംഭിച്ചു

കൊല്ലം: മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 18 വയസ് തികയുന്നതിന് മുൻപ് ലൈസൻസ് കരസ്ഥമാക്കിയെന്നും ഔദ്യോഗിക രേഖയായ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന പദവി ചട്ടവിരുദ്ധമായി ചേർത്തെന്നുമാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതികൾ. ഈ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലൈസൻസിലെ വിവരങ്ങൾ പ്രകാരം 1966 മെയ് 25 ആണ് ഗണേഷ് കുമാറിന്റെ ജനനതീയതി. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13-നാണ്. നിയമപ്രകാരം ഗിയറുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ 18 വയസ് പൂർത്തിയാകണമെന്നിരിക്കെ, 17 വയസും എട്ട് മാസവും മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ നടപടിക്രമങ്ങളിൽ എങ്ങനെ ഇത്തരമൊരു വീഴ്ച സംഭവിച്ചു എന്നാണ് വകുപ്പ് പരിശോധിക്കുന്നത്.

2019-ൽ ലൈസൻസ് പുതുക്കിയ വേളയിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് കൂട്ടിച്ചേർത്തത് തിരിച്ചറിയൽ രേഖകളിലെ പേര് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിന്റെ ലംഘനമാണ്. ഏറ്റവും ഒടുവിലായി 2024 നവംബറിൽ ലൈസൻസ് പുതുക്കിയപ്പോഴും ഈ പ്രായവ്യത്യാസം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെ പോയത് മോട്ടോർ വാഹന വകുപ്പിന്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. നിലവിൽ പേരിനൊപ്പമുള്ള പദവി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ച എംവിഡി, അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിക്കപ്പെട്ടാൽ ലൈസൻസ് റദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് കടക്കും.

Also read: