’ആദ്യം ക്ഷണിച്ചു, പിന്നീട് വരേണ്ടതില്ലെന്ന് അറിയിച്ചു, രാജ്യത്തിനെതിരെ സംസാരിക്കുന്നയാളെ ക്ഷണിക്കില്ലെന്നണ് പറഞ്ഞത്;‘സർക്കാരിനെ വിമർശിക്കുന്നത് എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നത്?’ സർവകലാശാല പരിപാടിയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ തുറന്നടിച്ച് നസീറുദ്ദീൻ ഷാ
നസീറുദ്ദീന് ഷാ
മുംബൈ: മുംബൈ സർവകലാശാലയുടെ കലീന കാമ്പസിൽ നടന്ന പരിപാടിയിലേക്ക് ക്ഷണിച്ച ശേഷം അവസാന നിമിഷം തന്നെ ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി പ്രമുഖ നടൻ നസീറുദ്ദീൻ ഷാ. താനെയിൽ നടന്ന ‘ലോക്സത്ത അഭിജാത് ലിറ്റ്ഫെസ്റ്റ്’ വേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. കലീന സർവകലാശാലയിലെ പരിപാടിയിലേക്ക് തന്നെ ആദ്യം ക്ഷണിക്കുകയും പിന്നീട് വരേണ്ടതില്ലെന്ന് അധികൃതർ അറിയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനെതിരെ സംസാരിക്കുന്ന ഒരാളെ എങ്ങനെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു അവരുടെ നിലപാടെന്ന് നസീറുദ്ദീൻ ഷാ വ്യക്തമാക്കി. താൻ രാജ്യത്തിനെതിരെ നടത്തിയെന്ന് ആരോപിക്കുന്ന പ്രസ്താവന എന്താണെന്ന് ചോദിച്ചപ്പോൾ, താൻ സർക്കാരിനെതിരെയാണ് സംസാരിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. രാജ്യത്തിനെതിരെ താൻ എവിടെയെങ്കിലും ഒരു വാചകമെങ്കിലും പറഞ്ഞതായി കാണിച്ചുതരാൻ അദ്ദേഹം വെല്ലുവിളിച്ചു . സർക്കാരിനെ വിമർശിക്കുന്നത് എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ മുംബൈ സർവകലാശാലയുടെ ഉറുദു വിഭാഗവും ബസ്മ്-ഇ-അഹ്ബാബ് ഫൗണ്ടേഷനും സംയുക്തമായി കലീന കാമ്പസിൽ സംഘടിപ്പിക്കാനിരുന്ന ഉറുദു കവിതാ-കഥാ പാരായണ പരിപാടിയിൽ നിന്നാണ് നസീറുദ്ദീൻ ഷായെ അവസാന നിമിഷം ഒഴിവാക്കിയിരുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും, അത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വേദിയിൽ കൂട്ടിച്ചേർത്തു. ആവിഷ്കാര സ്വാതന്ത്ര്യത്തെയും സർക്കാർ വിമർശനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.