‘മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ, രണ്ടിൽ കൂടുതൽ തവണ വിവാഹം കഴിച്ചവർ…’; ക്ഷേമ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നവരുടെ ലിസ്റ്റ് പുറത്തുവിട്ട് ബംഗാൾ മുഖ്യമന്ത്രി
കൊൽക്കത്ത: ബംഗാളിൽ ക്ഷേമദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നവരുടെ ലിസ്റ്റ് പുറത്തുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. രണ്ടിൽ കൂടുതൽ തവണ വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് നിർബന്ധിത പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാൻ വിസമ്മതിക്കുന്നവർക്കും സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് മതവിദ്യാഭ്യാസ സ്ഥാപനങ്ങിൽ പഠിക്കുന്നവർക്കും സംസ്ഥാന സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വടക്കൻ ബംഗാളിലെ സിലിഗുരിയിലുള്ള ‘ഉത്തർകന്യ’ ബ്രാഞ്ച് സെക്രട്ടേറിയറ്റിൽ വെച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
വിദേശ പൗരന്മാർ, മൂന്ന് തവണയോ അതിൽ കൂടുതലോ വിവാഹം കഴിച്ചവർ, സർക്കാർ നൽകുന്ന അടിയന്തര പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാൻ വിസമ്മതിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബങ്ങൾ എന്നിവരെല്ലാം ഇനി മുതൽ ധനസഹായങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. കൂടാതെ, സർക്കാരിന്റെ വിദ്യാഭ്യാസ നിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ സ്കൂളുകളിൽ നിന്നോ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നിന്നോ പഠനം നിർത്തി ചില പ്രത്യേക മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (മദ്രസകൾ ഉൾപ്പെടെ) ചേരുന്ന കുട്ടികളുടെ കുടുംബങ്ങൾക്കും ഇനി മുതൽ സർക്കാർ പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ ഒന്നിന് നടന്ന സർക്കാരിന്റെ പ്രധാന പദ്ധതിയായ ‘അന്നപൂർണ്ണ യോജന’യുടെ അവലോകന യോഗത്തിലും മുഖ്യമന്ത്രി ഈ നിലപാട് ആവർത്തിച്ചിരുന്നു. ഈ പദ്ധതിയുടെ 11 പേജുള്ള അപേക്ഷാ ഫോമിന്റെ എട്ടാം പേജിൽ അപേക്ഷകർ തങ്ങളുടെ നാല് കുട്ടികൾ വരെയുള്ളവരുടെ പ്രതിരോധ കുത്തിവെപ്പ് വിവരങ്ങളും അവർ പഠിക്കുന്ന സ്കൂളിന്റെ വിവരവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കുടുംബനാഥൻ നിലവിൽ കൈപ്പറ്റുന്ന മറ്റ് സർക്കാർ ആനുകൂല്യങ്ങളുടെ വിവരങ്ങളും ഇതിൽ വ്യക്തമാക്കണം.
നിലവിൽ ബംഗാളിലെ വാക്സിൻ വിതരണം ദേശീയ ശരാശരിയേക്കാൾ മികച്ച നിലയിലാണ്, ഏകദേശം 92.3 ശതമാനം മുതൽ 99.4 ശതമാനം വരെ കുട്ടികൾക്ക് ഇവിടെ വാക്സിൻ ലഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം വഴി 12 മാരക രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ സൗജന്യമായാണ് നൽകുന്നത്. വടക്കൻ ബംഗാളിനെ കൊൽക്കത്തയെ മാത്രം ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റാൻ ലക്ഷ്യമിട്ടുള്ള ഈ യോഗത്തിൽ, വടക്കൻ ബംഗാൾ വികസന വകുപ്പിന്റെ ബജറ്റ് 1,000 കോടി രൂപയിൽ നിന്ന് 2,000 കോടിയായി ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം ജി.ടി.എ ഗ്രാന്റും വർദ്ധിപ്പിച്ചിട്ടുണ്ട്. കാലിമ്പോങ്, അലിപുർദുവാർ, ബാലൂർഘട്ട് തുടങ്ങിയ സ്ഥലങ്ങളിൽ എയിംസ്, കാൻസർ ആശുപത്രി, മറ്റ് മെഡിക്കൽവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
അതിഥി തൊഴിലാളികൾക്കും മറ്റ് തൊഴിലാളികൾക്കുമായി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയ ‘125 ദിവസത്തെ തൊഴിൽ’ അഥഷാ ‘ജിരാംജി പദ്ധതി’ വഴി 2.56 കോടി ജോബ് കാർഡ് ഉടമകൾക്ക് തൊഴിൽ ഉറപ്പാക്കുമെന്നും അവിദഗ്ധ തൊഴിലാളികൾക്ക് 300 രൂപയും, സെമിസ്കിൽഡ് തൊഴിലാളികൾക്ക് 450 രൂപയും, വിദഗ്ധ തൊഴിലാളികൾക്ക് 600 രൂപയും ദിവസവേതനമായി നിശ്ചയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്കായുള്ള നേരിട്ടുള്ള പണമിടപാട് പദ്ധതിയിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതായും, ഇതിനകം 1,09,92,000 സ്ത്രീകൾക്ക് തുക കൈമാറിയതായും ബാക്കിയുള്ള 26,000 അപേക്ഷകളിലെ തടസ്സങ്ങൾ ഉടൻ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഓഫീസുകളിൽ നിന്ന് വിട്ടുനിൽക്കുന്ന 80 ശതമാനത്തോളം വരുന്ന ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത്, മുൻസിപ്പാലിറ്റി പ്രതിനിധികൾക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകിച്ച സുവേന്ദു അധികാരി, ജനപ്രതിനിധികളുടെ ഒളിച്ചുകളി കാരണം സർക്കാർ ജോലികൾ തടസ്സപ്പെടരുതെന്നും ഭരണപരമായ നോട്ടീസിലൂടെ വ്യക്തമാക്കി. വടക്കൻ ബംഗാൾ വികസന മന്ത്രി നിസിത് പ്രമാണിക്, ടൂറിസം മന്ത്രി ശങ്കർ ഘോഷ്, ഡാർജിലിംഗ് എംപി രാജു ബിസ്ത തുടങ്ങിയ പ്രമുഖർ നേരിട്ടും അല്ലാതെയും പങ്കെടുത്ത ഈ യോഗത്തിൽ, പുതിയ ഭരണകൂടത്തിൽ വടക്കൻ ബംഗാളിന് വലിയ പ്രാതിനിധ്യമുണ്ടെന്നും പത്തോളം മന്ത്രിമാർ ഈ മേഖലയിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.