10/06/2026
[fontresizer_tawhidurrahmandear_widget]

മോഡലുകളുടെ ചിത്രം കാണിച്ച് അനാഥാലയത്തിലെ പെൺകുട്ടികളെന്ന് വിശ്വസിപ്പിച്ചു;വധുവിനെ കാത്ത് മണ്ഡപത്തിലിരുന്ന് വരന്മാർ; സമൂഹവിവാഹത്തിനെത്തിയ 42 യുവാക്കളെ പറ്റിച്ച വൻ തട്ടിപ്പ്

 മോഡലുകളുടെ ചിത്രം കാണിച്ച് അനാഥാലയത്തിലെ പെൺകുട്ടികളെന്ന് വിശ്വസിപ്പിച്ചു;വധുവിനെ കാത്ത് മണ്ഡപത്തിലിരുന്ന് വരന്മാർ; സമൂഹവിവാഹത്തിനെത്തിയ 42 യുവാക്കളെ പറ്റിച്ച വൻ തട്ടിപ്പ്

ദേവാസ്: മധ്യപ്രദേശിലെ ദേവാസിൽ വൻ വിവാഹത്തട്ടിപ്പ്. സമൂഹവിവാഹത്തിൽ പങ്കെടുത്ത് വിവാഹിതരാകാനായി വധുവിനെയും കാത്തിരുന്ന 42 വരന്മാരാണ് പണം നഷ്ടപ്പെട്ട് വഞ്ചിക്കപ്പെട്ടത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി ഷെർവാണിയും ധരിച്ച് മാലയും മധുരപലഹാരങ്ങളുമായി എത്തിയ നിരവധി യുവാക്കൾക്കാണ് ഈ ദുരനുഭവം നേരിട്ടത്. ഇൻഡോർ ആസ്ഥാനമായുള്ള മാതൃഛായ ആശ്രമം എന്ന അനാഥാലയത്തിൽ നിന്നുള്ള യുവതികളുമായുള്ള സമൂഹവിവാഹം വാഗ്ദാനം ചെയ്ത് ഓരോ വരനിൽ നിന്നും ഇടനിലക്കാർ 15,000 രൂപ മുതൽ 25,000 രൂപ വരെ ഈടാക്കിയിരുന്നു. അനാഥരോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരോ ആയ യുവതികളെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമൂഹമാധ്യമങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്ത മോഡലുകളുടെ ചിത്രങ്ങളാണ് പ്രതികൾ യുവാക്കൾക്ക് വധുവിന്റേതെന്ന പേരിൽ മൊബൈൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നത്.

ഞായറാഴ്ച ദേവാസിൽ വെച്ചാണ് സമൂഹവിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്ത്രീധനവും മറ്റ് ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളുമെല്ലാം തങ്ങൾ തന്നെ വേദിയിൽ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത സംഘം, വരന്മാരോട് മഞ്ഞളോ മൈലാഞ്ചിയോ അണിയാതെ സാധാരണ വസ്ത്രത്തിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വരന്മാരും കുടുംബാംഗങ്ങളും ബന്ധുക്കളും വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിവാഹവേദിയിലെത്തി. സംഘാടകർ വധുവുമായി വരുമെന്ന് പ്രതീക്ഷിച്ച് അർദ്ധരാത്രി വരെ അവർ കാത്തിരുന്നെങ്കിലും ആരും തന്നെ എത്തിയില്ല. തുടർന്ന് ഇവരുടെ ഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് തങ്ങൾ വലിയൊരു സാമ്പത്തിക തട്ടിപ്പിനിരയായെന്നും വഞ്ചിക്കപ്പെട്ടെന്നും കുടുംബങ്ങൾക്ക് മനസിലായത്. നിരവധി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടത്തോടൊപ്പം വലിയ മാനസിക ബുദ്ധിമുട്ടുകളും ഇത് സൃഷ്ടിച്ചു.

സംഭവത്തിൽ ദേവാസിലെ ബാങ്ക് നോട്ട് പ്രസ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായും അന്വേഷണം ഊർജ്ജിതമാക്കിയതായും സ്റ്റേഷൻ ഇൻചാർജ് പ്രീതി കതാരെ വ്യക്തമാക്കി. കേസിൽ പ്രധാന പ്രതികളായ വിദിശ സ്വദേശി മുകേഷ്, ഭാര്യ സുനിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ മറ്റ് രണ്ടുപേർ ഒളിവിലാണ്. 42 പേർ തട്ടിപ്പിനിരയായെങ്കിലും സാമൂഹികമായ നാണക്കേട് ഭയന്ന് പത്തോളം പേർ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന വലിയൊരു തട്ടിപ്പാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. അനാഥാലയത്തിന്റെ പേര് ദുരുപയോഗം ചെയ്തതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Also read: