FIFA ASEAN CUP 2026 പ്രഖ്യാപിച്ചു; ഇന്ത്യൻ ഫുട്ബോൾ ടീമിനും ക്ഷണം; വന്നെത്തിയത് വമ്പൻ അവസരം
ക്വാലാലംപൂർ: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പുറത്തുവരുന്നു. 2026-ൽ ആദ്യമായി നടക്കാനിരിക്കുന്ന ‘ഫിഫ ആസിയാൻ കപ്പിലേക്ക്’ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് ഔദ്യോഗിക ക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ. ക്വാലാലംപൂരിൽ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഈ പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ചത്. ഇന്ത്യക്കൊപ്പം ചൈനയെയും ടൂർണമെന്റിലേക്ക് അതിഥികളായി ക്ഷണിക്കാൻ സാധ്യതയുണ്ട്.
നേരത്തെ ആസിയാൻ ഫുട്ബോൾ ഫെഡറേഷൻ (AFF) നടത്തിയിരുന്ന ടൂർണമെന്റ് ഇനി മുതൽ ഫിഫയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സംഘടിപ്പിക്കുക. 2026 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫ ഇന്റർനാഷണൽ വിൻഡോയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡിവിഷനുകളിലായി ആകെ 14 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.
നിലവിൽ ലോക റാങ്കിംഗിൽ 136-ാം സ്ഥാനത്തുള്ള ഇന്ത്യ, ടൂർണമെന്റിലെ ഒന്നാം ഡിവിഷനിലായിരിക്കും മത്സരിക്കുക. തായ്‌ലൻഡ്, ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ കരുത്തരായ ടീമുകൾക്കൊപ്പമായിരിക്കും ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ. ഏഷ്യൻ കരുത്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് ഇന്ത്യൻ ടീമിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മികച്ച സമ്മാനത്തുകയാണ് ഫിഫ ഈ ടൂർണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം ഡിവിഷനിൽ ചാമ്പ്യന്മാരാകുന്ന ടീമിന് ഒരു ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്മാനമായി ലഭിക്കും. കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമിനും 1,25,000 യുഎസ് ഡോളർ വീതം പങ്കാളിത്ത ഫീസായും നൽകും. ഇന്ത്യൻ ഫുട്ബോളിന് സാമ്പത്തികമായും കായികമായും വലിയ ഊർജ്ജം പകരുന്ന ഒന്നായിരിക്കും ഈ ആസിയാൻ കപ്പ് പ്രവേശം.