‘തൃണമൂലിലെ 64 എംഎൽഎമാർ പിന്തുണയ്ക്കും; ബംഗാളിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ബിജെപിക്ക് 275 പേരുടെ പിന്തുണ കിട്ടും’: സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഭരണകക്ഷിയായ ബിജെപിക്ക് 275 എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അവകാശപ്പെട്ടു. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ടിക്കറ്റിൽ ജയിച്ച 64 എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കും.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സനാതന സർക്കാരാണ് തങ്ങളുടേതെന്നും കഴിഞ്ഞ 49 വർഷത്തെ ഇടത് മുന്നണി, ടിഎംസി ഭരണകാലത്തെ അഴുക്കുകളാണ് ആറു മാസമായി സർക്കാർ വൃത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവാനിപുരിൽ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയെ തോൽപ്പിച്ചതും ബിജെപി വിജയിച്ചതും സോഷ്യൽ മീഡിയ കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത ബാനർജിക്ക് പാർട്ടി ചിഹ്നം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 208 സീറ്റുകൾ നേടിയാണ് 15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തിയത്. 2011-ൽ ഇടത് മുന്നണിയുടെ 34 വർഷത്തെ ഭരണം അവസാനിപ്പിച്ച തൃണമൂലിന് ഇത്തവണ 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം തൃണമൂലിൽ വൻ പിളർപ്പ് സംഭവിക്കുകയും അരൂപ് റോയ്, ഋതബ്രത ബാനർജി എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി ചിഹ്നത്തിനും പേരിനുമായി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. മൂന്നിൽ രണ്ടിലധികം എംഎൽഎമാരുടെ പിന്തുണയോടെ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി. തുടർന്ന് വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്നും മമത വിഭാഗത്തിന് ‘മമതാ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പേര് അനുവദിച്ചു.