‘പൈപ്പിലെ ചെറിയൊരു ചോർച്ച മാറ്റാൻ ചെലവായത് 21,000 രൂപ, നാട്ടിലാണെങ്കിൽ 1000 രൂപയ്ക്കുള്ളിൽ തീരുമായിരുന്നു’; വൈറലായി യുവതിയുടെ വെളിപ്പെടുത്തൽ
വാഷിങ്ടൺ: വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് ഇന്ത്യയിൽ നാം നൽകുന്ന തുക എത്രയായിരിക്കും? പരമാവധി 500 അല്ലെങ്കിൽ 1000 രൂപ. എന്നാൽ അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന യുവതിക്ക് തന്റെ വീട്ടിലെ പൈപ്പിലെ ചെറിയൊരു ചോർച്ച മാറ്റാൻ നൽകേണ്ടി വന്നത് 250 ഡോളറാണ്. അതായത് ഏകദേശം 21,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ! വിദേശ രാജ്യങ്ങളിൽ സാധാരണ സേവനങ്ങൾക്ക് പോലും എത്രത്തോളം വലിയ തുക നൽകേണ്ടി വരുന്നു എന്നതിന്റെ യാഥാർത്ഥ്യമാണ് അമൃത ഇൻസ്റ്റാഗ്രാമിൽ വീഡിയോ വഴി പങ്കുവെച്ചത്.
“ഒരു ചെറിയ ചോർച്ചയും 21,000 രൂപയുടെ റിയാലിറ്റി ചെക്കും” എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമേരിക്കയിൽ ഓരോ ചെറിയ കാര്യത്തിനും ലേബർ കോസ്റ്റ് അഥവാ തൊഴിൽ കൂലി വളരെ കൂടുതലാണെന്ന് അമൃത പറയുന്നു. ഇന്ത്യയിലാണെങ്കിൽ നിസ്സാര തുകയ്ക്ക് തീരുന്ന പണിക്കാണ് ഇവിടെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ മണിക്കൂർ കൂലിക്ക് സമാനമായ തുക നൽകേണ്ടി വരുന്നതെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് പ്രവാസികളായ നിരവധി പേർ രംഗത്തെത്തി. അമേരിക്കയിലെ ഉയർന്ന വരുമാനത്തിനനുസരിച്ച് ജീവിതച്ചെലവും സേവന നിരക്കുകളും വർദ്ധിക്കുന്നത് സ്വാഭാവികമാണെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഇന്ത്യയിലെ കുറഞ്ഞ സേവന നിരക്കുകൾ എത്രത്തോളം ഭാഗ്യമാണെന്ന് മറ്റു ചിലർ ഓർമ്മിപ്പിച്ചു. വിദേശത്ത് താമസിക്കുമ്പോൾ പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ സ്വന്തമായി പഠിച്ചുവെക്കുന്നതാണ് ലാഭകരമെന്ന ഉപദേശവുമായും ചിലർ എത്തിയിട്ടുണ്ട്.