10/06/2026
[fontresizer_tawhidurrahmandear_widget]

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്‌സ്‌ പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി പൂനെയിൽ അറസ്റ്റിൽ

 നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്‌സ്‌ പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി പൂനെയിൽ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ നിർണായക വഴിത്തിരിവ്. ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. പൂനെയിലെ സേത്ത് ഹീരലാൽ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട് നിയമിച്ച വിദഗ്ധ സമിതി അംഗമായിരുന്നു മനീഷ ഹവിൽദാർ. പരീക്ഷാ വിദഗ്ധ എന്ന നിലയിലുള്ള ഈ പദവി ദുരുപയോഗം ചെയ്താണ് ഇവർ ഫിസിക്‌സ് ചോദ്യപേപ്പർ മുൻകൂട്ടി ചോർത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഇവർ ചോദ്യങ്ങൾ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതിക്ക് കൈമാറുകയായിരുന്നു എന്ന് സിബിഐ വക്താവ് വ്യക്തമാക്കി. മനീഷ ചോർത്തിയ ചോദ്യങ്ങളും പിന്നീട് നടന്ന നീറ്റ് പരീക്ഷയിലെ യഥാർഥ ചോദ്യങ്ങളും തമ്മിൽ സിബിഐ ഒത്തുനോക്കി കൃത്യത ഉറപ്പാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചാ റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിബിഐ വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ നിർണായക രേഖകൾ റെയ്ഡുകളിൽ പിടിച്ചെടുത്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്തുടനീളമായി 11 പേരാണ് ഈ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ചോദ്യപേപ്പർ ചോർന്ന വഴികളും പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെയും കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.

കേസിൽ നേരത്തെ മെയ് 16-ന് പൂനെ മോഡേൺ കോളേജ് ഓഫ് ആർട്‌സിലെ ബയോളജി വിദഗ്ധയായ മനീഷ മന്ധാരെയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബോട്ടണി, സുവോളജി അടക്കമുള്ള ചോദ്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇവർക്കും പരീക്ഷാ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ മെയ് 12-ന് എൻ.ടി.എ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ വരുന്ന ജൂൺ 21-ന് വീണ്ടും നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

Also read: