10/06/2026
[fontresizer_tawhidurrahmandear_widget]

‘കിം ജോങ് ഉൻ കൊല്ലപ്പെട്ടാൽ നിർദേശത്തിന് കാക്കേണ്ട, ഉടനടി ആണവ ആക്രമണം’; ഭരണഘടന ഭേദഗതി ചെയ്ത് ഉത്തര കൊറിയ

 ‘കിം ജോങ് ഉൻ കൊല്ലപ്പെട്ടാൽ നിർദേശത്തിന് കാക്കേണ്ട, ഉടനടി ആണവ ആക്രമണം’; ഭരണഘടന ഭേദഗതി ചെയ്ത് ഉത്തര കൊറിയ

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വധിക്കപ്പെടുകയോ സൈനിക ആക്രമണത്തിലൂടെ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താൽ, രാജ്യം ശത്രുക്കൾക്ക് നേരെ തനിയെ ആണവാക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി ഉത്തര കൊറിയ അംഗീകരിച്ചു.

രാജ്യത്തെ ആണവശക്തിയുടെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം കിം ജോങ് ഉന്നിന്റെ അഭാവത്തിലും തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. ഇതോടെ ഉത്തര കൊറിയയുടെ ആണവായുധ ശേഖരം ഒരു ‘ഡെഡ് മാൻ സ്വിച്ച്’ അഥവാ നിർദേശത്തിന് കാത്ത് നിൽക്കാതെ തന്നെ പ്രവർത്തിക്കുന്ന സംവിധാനത്തിന് കീഴിലായി മാറിയിരിക്കുകയാണ്.

ഈ വർഷം മാർച്ചിൽ നടന്ന സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയും സഹായികളും ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് കിം ജോങ് ഉന്നിനെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും, അതിന്റെ പ്രതിഫലനമാണ് ഈ നിയമപരമായ മാറ്റമെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

ആണവ നയത്തിലെ ആർട്ടിക്കിൾ 3-ലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ശത്രു രാജ്യങ്ങൾ രാജ്യത്തിന്റെ ആണവ നിയന്ത്രണ സംവിധാനങ്ങളെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ, ഒരു നിർദ്ദേശത്തിന് കാത്തുനിൽക്കാതെ തന്നെ ‘ഉടനടി’ ആണവാക്രമണം തുടങ്ങണമെന്ന് സൈന്യത്തിന് നിർദ്ദേശം നൽകുന്നു.

ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് നേതാക്കളെ നിരീക്ഷിക്കുന്നതും വകവരുത്തുന്നതും ഉത്തര കൊറിയ ഭയക്കുന്നുണ്ട്. റഷ്യയുടെ പഴയ ‘പെരിമീറ്റർ’ സംവിധാനത്തിന് സമാനമായ ഈ നിയമത്തിലൂടെ, കിം ജോങ് ഉൻ കൊല്ലപ്പെട്ടാലും തങ്ങളുടെ ആണവ പ്രതികാരം തടയാനാകില്ലെന്ന് ലോകത്തിന് മുന്നറിയിപ്പ് നൽകുകയാണ് ഉത്തര കൊറിയ.

നിലവിൽ ദക്ഷിണ കൊറിയയുമായുള്ള സമാധാന ശ്രമങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ച കിം, ദക്ഷിണ കൊറിയയാണ് രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള അധികാരം സൈന്യത്തിന് നേരിട്ട് നൽകുന്ന രീതിയിൽ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.

Also read: