10 വർഷം, 20 കിരീടങ്ങൾ; സുവർണ്ണ കാലഘട്ടത്തിന് വിരാമമിട്ട് പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുന്നു
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിലെ ഒരു യുഗത്തിന് അന്ത്യമാകുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സുവർണ്ണകാല ശില്പിയും വിഖ്യാത പരിശീലകനുമായ പെപ് ഗാർഡിയോള ക്ലബ്ബിനോട് വിടപറയുന്നു. ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് ശേഷം അദ്ദേഹം പരിശീലക സ്ഥാനം ഒഴിയുമെന്ന് മാഞ്ചെസ്റ്റർ സിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിറ്റിയെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിച്ച ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് ഗാർഡിയോളയുടെ പടിയിറക്കം.
2016-ൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക കുപ്പായം അണിഞ്ഞ പെപ്പ്, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 10 വർഷങ്ങൾക്കാണ് നേതൃത്വം നൽകിയത്. ഈ കാലയളവിൽ 20 വമ്പൻ കിരീടങ്ങളാണ് സിറ്റി സ്വന്തമാക്കിയത്. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ക്ലബ്ബിന് നേടിക്കൊടുത്ത അദ്ദേഹം, സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയത്തിനും ചുക്കാൻ പിടിച്ചു. ഇതിന് പുറമെ അഞ്ച് ലീഗ് കപ്പുകൾ, മൂന്ന് എഫ്.എ കപ്പുകൾ, കമ്മ്യൂണിറ്റി ഷീൽഡുകൾ എന്നിവയും പെപ്പിന് കീഴിൽ സിറ്റി സ്വന്തമാക്കി.
ഈ സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പും എഫ്.എ കപ്പും ടീമിന് നേടിക്കൊടുത്താണ് ഗാർഡിയോള പടിയിറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന റൗണ്ട് വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിറ്റി ഇത്തവണ രണ്ടാമതെത്തിയിരുന്നു (ആഴ്സണലാണ് കിരീടം ചൂടിയത്). ബാഴ്സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും മുൻ മധ്യനിര താരമായിരുന്ന ഗാർഡിയോള, ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ബുദ്ധികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്സയിലൂടെ തന്നെ പരിശീലക വേഷത്തിലും അരങ്ങേറ്റം കുറിച്ച അദ്ദേഹം 2008 മുതൽ 2012 വരെ കറ്റാലൻ ടീമിനെയും, 2013 മുതൽ 2016 വരെ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെയും പരിശീലിപ്പിച്ച ശേഷമാണ് മാഞ്ചസ്റ്ററിലേക്ക് ചേക്കേറിയത്.