12/06/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്‌തി; പ്രവർത്തകരെ തെരുവിലിറക്കിയവരെ കണ്ടെത്താൻ അന്വേഷണം

 മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്‌തി; പ്രവർത്തകരെ തെരുവിലിറക്കിയവരെ കണ്ടെത്താൻ അന്വേഷണം

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് നീണ്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. വിജയത്തിന് പിന്നാലെ പാർട്ടിയിൽ ചേരിതിരിവുണ്ടാക്കുകയും പ്രവർത്തകരെ ഉപയോഗിച്ച് പരസ്യ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും നടത്തുകയും ചെയ്യുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. ഇത്തരത്തിൽ പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിലിറക്കിയവർക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ദേശീയ നേതൃത്വം അടിയന്തര അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയ നേതാക്കളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കേരളത്തിലെ നേതാക്കൾ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ നിലപാടുകൾ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി മുതിർന്ന നേതാവ് വി.എം. സുധീരനുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹൈക്കമാൻഡ് ചർച്ച നടത്തും. എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴി തേടാനും തീരുമാനമായിട്ടുണ്ട്.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം വരുംദിവസങ്ങളിൽ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Also read: