12/06/2026
[fontresizer_tawhidurrahmandear_widget]

ഉത്തർപ്രദേശിലെ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘മതപരിവർത്തന വിരുദ്ധ സെല്ലുകൾ’ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്

 ഉത്തർപ്രദേശിലെ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘മതപരിവർത്തന വിരുദ്ധ സെല്ലുകൾ’ രൂപീകരിക്കാൻ സർക്കാർ ഉത്തരവ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപരിവർത്തന വിരുദ്ധ സെല്ലുകൾ രൂപീകരിക്കാൻ സംസ്ഥാന സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ നിർദ്ദേശപ്രകാരമാണ് ഈ പുതിയ നീക്കം. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ സർവകലാശാലയുമായി (കെ.ജി.എം.യു) ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന നിർബന്ധിത മതപരിവർത്തന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈസ് ചാൻസലർമാർക്കും ഡയറക്ടർമാർക്കും ഗവർണറുടെ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം ചെലുത്തിയോ മറ്റ് വാഗ്ദാനങ്ങൾ നൽകിയോ വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി കർശന നടപടിയെടുക്കാനാണ് നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ക്യാമ്പസുകളിൽ ‘ആന്റി റാഡിക്കലൈസേഷൻ’ സെല്ലുകളോ വിദ്യാർത്ഥി ക്ഷേമ സമിതികളോ അടിയന്തരമായി സജീവമാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ മാനസിക പ്രശ്നങ്ങളും മറ്റ് ഭീഷണികളും സ്വതന്ത്രമായി തുറന്നുപറയാൻ കഴിയുന്ന രീതിയിൽ പ്രത്യേക കൗൺസിലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കണം. ഹോസ്റ്റലുകളിലും ക്യാമ്പസുകളിലെ മറ്റ് പ്രധാന ഇടങ്ങളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനും, ക്യാമ്പസുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ള ആളുകൾക്ക് അനാവശ്യമായി പ്രവേശനം നൽകുന്നത് കർശനമായി വിലക്കാനും നിർദ്ദേശമുണ്ട്. ഏതെങ്കിലും വ്യക്തിയോ സംഘടനയോ മതപരിവർത്തനവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ക്യാമ്പസിൽ കണ്ടെത്തിയാൽ ഉടൻ തന്നെ പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിക്കണം. ഉത്തർപ്രദേശ് സർക്കാരിന്റെ മതപരിവർത്തന നിരോധന നിയമപ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിക്കും. കൂടാതെ, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി പതിവായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗങ്ങൾ സംഘടിപ്പിക്കാനും കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, ഗവർണറുടെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി ഈ നടപടിയെ രൂക്ഷമായി എതിർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും വിദ്യാർത്ഥികൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് ബിജെപി സർക്കാർ ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. ക്യാമ്പസുകളിൽ മതപരിവർത്തന വിരുദ്ധ സെല്ലുകൾക്ക് പകരം ബിജെപി വിരുദ്ധ സെല്ലുകളാണ് ആദ്യം രൂപീകരിക്കേണ്ടതെന്നും പ്രതിപക്ഷം പരിഹസിച്ചു. എന്നാൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്യാമ്പസുകളിൽ നിന്ന് തന്നെ തുടക്കത്തിലെ ഇല്ലാതാക്കാനും ഈ സമിതികൾ അനിവാര്യമാണെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വാദം. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങൾ ഈ സെല്ലുകൾ രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Also read: