12/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയ്ക്ക് ക്യൂബ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി; കള്ളം പ്രചരിപ്പിക്കുകയാണെന്ന് ക്യൂബയുടെ മറുപടി

 അമേരിക്കയ്ക്ക് ക്യൂബ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി; കള്ളം പ്രചരിപ്പിക്കുകയാണെന്ന് ക്യൂബയുടെ മറുപടി

വാഷിങ്ടൺ: അമേരിക്കയ്ക്ക് ക്യൂബ വലിയൊരു ‘ദേശീയ സുരക്ഷാ ഭീഷണി’യാണ് ഉയർത്തുന്നതെന്നും ക്യൂബയുമായി സമാധാനപരമായ ഒരു ധാരണയിലെത്താനുള്ള സാധ്യത കുറവാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. നയതന്ത്ര ചർച്ചകളേക്കാൾ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഏത് ഭീഷണിയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അവകാശവും ബാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1996-ൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ കടുത്ത പ്രതികരണം.

അതേസമയം, മാർക്കോ റൂബിയോയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് രംഗത്തെത്തി. റൂബിയോ കള്ളം പറയുകയാണെന്നും തങ്ങളുടെ രാജ്യം ഒരിക്കലും അമേരിക്കയ്ക്ക് ഒരു ഭീഷണിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് സർക്കാർ നിർദയമായും ആസൂത്രിതമായും ക്യൂബയെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റൗൾ കാസ്ട്രോയ്ക്കെതിരായ കേസ്

1996-ൽ ക്യൂബയ്ക്കും ഫ്ലോറിഡയ്ക്കുമിടയിൽ വെച്ച് ക്യൂബൻ-അമേരിക്കൻ ഗ്രൂപ്പായ ‘ബ്രദേഴ്‌സ് ടു ദി റെസ്ക്യൂ’വിന്റെ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് ഇപ്പോൾ അമേരിക്ക നടപടിയെടുത്തിരിക്കുന്നത്. മൂന്ന് അമേരിക്കക്കാർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ട ഈ കേസിൽ, അന്നത്തെ പ്രതിരോധമന്ത്രിയും പിന്നീട് ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, വിമാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. എന്നാൽ, യാതൊരു നിയമപരമായ അടിത്തറയുമില്ലാത്ത അമേരിക്കയുടെ വെറുമൊരു രാഷ്ട്രീയ കുതന്ത്രം മാത്രമാണിതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പ്രതികരിച്ചു.

ക്യൂബയിലെ പ്രതിസന്ധിയും അമേരിക്കൻ ഇടപെടലും

ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ ശക്തമായി തുടരുകയാണ്. അടുത്തിടെ ട്രംപ് ക്യൂബയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിൽ ക്യൂബൻ ജനത രൂക്ഷമായ ഭക്ഷ്യക്ഷാമവും വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്. കഴിഞ്ഞ ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെയും സമാനമായ രീതിയിൽ കുറ്റം ചുമത്തിയ ശേഷം അമേരിക്ക അദ്ദേഹത്തെ പിടികൂടിയിരുന്നു. എന്നാൽ, ക്യൂബയിൽ വെനിസ്വേല ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ. 94 കാരനായ റൗൾ കാസ്ട്രോ ഔദ്യോഗിക പദവികൾ ഒഴിഞ്ഞെങ്കിലും രാജ്യത്ത് ഇപ്പോഴും ഏറെ സ്വാധീനമുള്ള നേതാവാണ്.

Also read: