21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇതുവരെ സമയം അവരുടേതായിരുന്നു, ഇനി നിയമം നടപ്പാക്കും; ധൈര്യമുണ്ടെങ്കിൽ വാ, ഭാരത് മാതാ കീ ജയ്’; ഭോജ്‌ശാലാ കമാൽ മൗല മസ്ജിദ് തർക്കത്തിൽ വിദ്വേഷ പ്രസംഗവുമായി എസ്.പി

 ‘ഇതുവരെ സമയം അവരുടേതായിരുന്നു, ഇനി നിയമം നടപ്പാക്കും; ധൈര്യമുണ്ടെങ്കിൽ വാ, ഭാരത് മാതാ കീ ജയ്’; ഭോജ്‌ശാലാ കമാൽ മൗല മസ്ജിദ് തർക്കത്തിൽ വിദ്വേഷ പ്രസംഗവുമായി എസ്.പി

ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്‌ശാലാ കമാൽ മൗല മസ്ജിദ് സമുച്ചയവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി (എസ്.പി) സച്ചിൻ ശർമ്മ നടത്തിയ പ്രസംഗം വലിയ വിവാദത്തിലേക്ക്. വെള്ളിയാഴ്ച പ്രാർത്ഥനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വിഭാഗത്തെ വെല്ലുവിളിച്ചുകൊണ്ട് എസ്.പി നടത്തിയ പ്രസ്താവനയാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

“ഇതുവരെ സമയം അവരുടേതായിരുന്നു, എന്നാൽ ഇനി നിയമം നടപ്പാക്കും. ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള നടപടികളായിരിക്കും ഇനി നേരിടേണ്ടി വരിക” എന്നാണ് വൈറലായ വീഡിയോയിൽ എസ്.പി സച്ചിൻ ശർമ്മ പറയുന്നത്. ഇതിന് പുറമെ ‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ’ എന്നൊക്കെയുള്ള വെല്ലുവിളികളും അദ്ദേഹം നടത്തുന്നുണ്ട്. ഭീഷണി സ്വരത്തിലുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ദേശീയ തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജനക്കൂട്ടത്തിന്റെ ഹർഷാരവങ്ങൾക്കിടെ ‘ഭാരത് മാതാ കി ജയ്’ വിളിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ തന്റെ പ്രസംഗം അവസാനിപ്പിക്കുകയും മറ്റുള്ള പോലീസുകാർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉപയോഗിക്കേണ്ട നിയമത്തിന്റെ ഭാഷയ്ക്ക് പകരം ബിജെപി നേതാക്കൾ മുസ്ലീങ്ങൾക്കെതിരെ ഉപയോഗിക്കുന്ന അതേ വിദ്വേഷ ഭാഷയാണ് ധാർ എസ്.പി സംസാരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയകിളിൽ ഉയരുന്നത്. ഇനി നിയമം കർശനമായി നടപ്പാക്കുമെന്നാണ് എസ്.പി പറയുന്നതെങ്കിൽ, ഇത്രയും കാലം സംസ്ഥാനത്ത് എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന പ്രസക്തമായ ചോദ്യവും ഉന്നയിക്കുന്നുണ്ട്.

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിവാദ പ്രസംഗത്തിനെതിരെ എഐഎംഐഎം അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസിയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. എസ്.പി സച്ചിൻ ശർമ്മയ്ക്ക് രാജ്യത്തെ നിയമത്തിലോ ഭരണഘടനയിലോ വിശ്വാസമില്ലെന്നും, അതിനാൽ അദ്ദേഹം ഉടൻ തന്നെ തന്റെ കാക്കി യൂണിഫോം ഊരിവെച്ച് ബിജെപിയിൽ അംഗത്വം എടുക്കുകയാണ് വേണ്ടതെന്നും ഒവൈസി തുറന്നടിച്ചു.

2003 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ഭോജ്‌ശാല സമുച്ചയത്തിൽ ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്ക് നമസ്കാരം നടത്താനും അനുമതിയുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹിന്ദു സംഘടനകൾ രംഗത്തെത്തി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മെയ് 15-നാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കഭൂമി സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുകയും ഹിന്ദുക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ പള്ളി നിർമ്മിക്കുന്നതിനായി ജില്ലയിൽ തന്നെ മറ്റൊരു സ്ഥലം അനുവദിച്ചുകിട്ടാൻ മുസ്ലീം സമുദായത്തിന് മധ്യപ്രദേശ് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി ബെഞ്ച് തന്റെ വിധിയിൽ വ്യക്തമാക്കിയിരുന്നു.

Also read: