‘മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം’; തിരൂർ സബ് കലക്ടർ
മലപ്പുറം: വരാനിരിക്കുന്ന പുതിയ സർക്കാരിന് മുന്നിൽ ഭരണപരമായ പരിഷ്‌കാരങ്ങൾക്കായി നിർദ്ദേശങ്ങൾ അവതരിപ്പിച്ച് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. മലപ്പുറം ജില്ല വിഭജിക്കണമെന്നും സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്നും ഉൾപ്പെടെയുള്ള വിപ്ലവകരമായ നിർദ്ദേശങ്ങളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് കേരളത്തിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇത് മികച്ച അവസരമാണെന്ന് അദ്ദേഹം കുറിച്ചു.
മലപ്പുറം ജില്ലയുടെ വിഭജനമാണ് കുറിപ്പിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയായ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാകണം ഒരു ജില്ലയുടെ വലിപ്പമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വലിയ ജില്ലകൾ വിഭജിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ഭരണപരമായ സൗകര്യത്തിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഇതൊരു മികച്ച നിക്ഷേപമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനൊപ്പം കേരളത്തിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56-ൽ നിന്ന് കുറഞ്ഞത് 58-ലേക്കെങ്കിലും ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന ആയുർദൈർഘ്യമുള്ള നമ്മുടെ നാട്ടിൽ 56 വയസ്സിൽ പെൻഷൻ നൽകി തുടങ്ങുന്നത് അബദ്ധമാണെന്നും 60 വയസ്സാണ് വിരമിക്കലിന് അനുയോജ്യമെന്നും സബ് കളക്ടർ പറയുന്നു.
വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങൾ അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. മലയാളം മീഡിയം പഠനം എൽപി തലം വരെ മാത്രമാക്കുകയും യുപി തലം മുതൽ ഇംഗ്ലീഷ് മീഡിയം സാർവത്രികമാക്കുകയും വേണം. ഇത് നിലവിലുള്ള ക്ലാസ് വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, സ്കൂളുകളിലെ അമിതമായ എ പ്ലസ് ഉദാരവൽക്കരണവും അൺകണ്ടീഷണൽ ഓൾ പാസ് സംവിധാനവും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ടൂറിസം, സേവന മേഖലകളെ ഉത്തേജിപ്പിക്കാൻ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശവും സബ് കളക്ടർ മുന്നോട്ടുവെച്ചു