അമേരിക്കയെ ’ഗ്രേറ്റ് സാത്താനെ’ന്ന് വിളിച്ച നേതാവ്; ‘ഖാംനഇയെ വധിച്ച് അഹമ്മദി നെജാദിനെ ഇറാൻ പ്രസിഡന്റാക്കാൻ യുഎസും ഇസ്രയേലും പദ്ധതിയിട്ടു’: മൊസാദ് മെനഞ്ഞ രഹസ്യ പ്ലാൻ പുറത്ത്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് മുതിർന്ന നേതാക്കളെയും വധിച്ചതിന് ശേഷം, മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ അധികാരത്തിലേറ്റാൻ അമേരിക്കയും ഇസ്രായേലും അതീവ രഹസ്യമായി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന പേരിലുള്ള ഈ വൻ അട്ടിമറി നീക്കത്തിന്റെ വിശദാംശങ്ങളുള്ളത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ ഇരുരാജ്യങ്ങളും വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ, ഇറാന്റെ ഭരണകൂടത്തെ തകർത്ത് പകരം അവിടെ തങ്ങൾക്ക് താല്പര്യമുള്ള ഭരണം കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. ഇറാന് ഉള്ളിൽ നിന്നുള്ള ആരെങ്കിലും രാജ്യം ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധത്തിന്റെ ആദ്യ നാളുകളിൽ പരസ്യമായി സൂചിപ്പിച്ചിരുന്നു. ഈ ‘ഉള്ളിൽ നിന്നുള്ള വ്യക്തി’ അഹമ്മദി നെജാദ് ആയിരുന്നുവെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഒരുകാലത്ത് അമേരിക്കയെ ‘ഗ്രേറ്റ് സാത്താൻ’ എന്ന് പരസ്യമായി വിളിച്ചു അധിക്ഷേപിക്കുകയും, ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത കടുത്ത നിലപാടുകാരനായ അഹമ്മദി നെജാദിനെത്തന്നെ ഈ ദൗത്യത്തിനായി യുഎസും മൊസാദും തെരഞ്ഞെടുത്തു എന്നത് അന്താരാഷ്ട്ര രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
2005 മുതൽ 2013 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന സമയത്ത് അതിരൂക്ഷമായ അമേരിക്കൻ വിരുദ്ധതയുടെ പ്രതീകമായിരുന്നു അദ്ദേഹം. എന്നാൽ അടുത്ത കാലത്തായി അദ്ദേഹം ഇറാന്റെ നിലവിലെ ഭരണ നേതൃത്വവുമായി കടുത്ത ഭിന്നതയിലാവുകയും, അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് തെഹ്‌റാനിൽ വീട്ടുതടങ്കലിലാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഒരു അകൽച്ച മുതലെടുത്ത്, ഒരു രാഷ്ട്രീയ പരിവർത്തന ഘട്ടത്തിൽ ഇറാന്റെ സാമൂഹിക, സൈനിക, രാഷ്ട്രീയ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് യുഎസും ഇസ്രായേലും കണക്കുകൂട്ടി. കൂടാതെ യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തുന്ന ഹംഗറി, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചതും, മുൻപ് ട്രംപിനെ ‘പ്രവർത്തിക്കാൻ കഴിവുള്ള ഒരു ബിസിനസുകാരൻ’ എന്ന് പുകഴ്ത്തിയതും ഈ സംശയങ്ങൾക്ക് ബലം നൽകുന്നു.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഈ അതിമോഹ പദ്ധതി തയ്യാറാക്കിയതെന്നും ഇതിനായി അഹമ്മദി നെജാദുമായി കൂടിയാലോചനകൾ നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ ഈ പദ്ധതി പാളിപ്പോവുകയായിരുന്നു. കിഴക്കൻ തെഹ്‌റാനിലെ നർമക് ജില്ലയിൽ അഹമ്മദി നെജാദ് വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന തെരുവിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അദ്ദേഹത്തെ കാവൽ നിന്നിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥരെ വധിച്ചു കൊണ്ട് അദ്ദേഹത്തെ ജയിൽ ചാടിച്ച് മോചിപ്പിക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം.
സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ വീടിയന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും വീടിന് മുന്നിലെ സുരക്ഷാ പോസ്റ്റ് പൂർണ്ണമായും തകർന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ ആക്രമണത്തിൽ നിരവധി ഐആർജിസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനൊപ്പം അഹമ്മദി നെജാദിന് കടുത്ത പരിക്കേൽക്കുകയും ചെയ്തു. ഈ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതോടെ അഹമ്മദി നെജാദും യുഎസ് ഉദ്യോഗസ്ഥരും ഈ അട്ടിമറി പദ്ധതിയിൽ നിന്ന് പൂർണ്ണമായും പിന്മാറുകയായിരുന്നു.
വ്യോമാക്രമണത്തിന് ശേഷം അഹമ്മദി നെജാദ് ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയോ എവിടെയാണെന്ന വിവരമോ വ്യക്തമല്ലെന്ന് യുഎസ് അധികൃതർ പറയുന്നു. ഇറാന്റെ ഭരണകൂടത്തെ മൂന്ന് ഘട്ടങ്ങളിലായി തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതിയെങ്കിലും, ഖമേനി കൊല്ലപ്പെട്ടിട്ടും ഇറാന്റെ രാഷ്ട്രീയ സംവിധാനങ്ങൾ പൂർണ്ണമായി തകരാതെ പിടിച്ചുനിന്നത് യുഎസിന്റെയും ഇസ്രായേലിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. എങ്കിലും കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നിരുന്നെങ്കിൽ പദ്ധതി വിജയിക്കാൻ വലിയ സാധ്യതയുണ്ടായിരുന്നു എന്നാണ് മൊസാദ് തലവൻ ഡേവിഡ് ബാർണിയ തന്റെ സഹപ്രവർത്തകരോട് പറഞ്ഞത്. വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പദ്ധതിയെക്കുറിച്ച് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഉൽപ്പാദന കേന്ദ്രങ്ങളും തകർക്കുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്നും സൈന്യം അത് വിജയകരമായി പൂർത്തിയാക്കിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.