കാറ്റിൽ ആടിയുലഞ്ഞു; കൊൽക്കത്തയിൽ 10 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ നീക്കം ചെയ്തു
കൊൽക്കത്ത: കൊൽക്കത്തയിലെ ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരുന്ന ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ സുരക്ഷാ കാരണങ്ങളാൽ അധികൃതർ നീക്കം ചെയ്തു. ഏകദേശം 10 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഈ പ്രതിമ സ്ഥാപിച്ച് പത്ത് മാസം തികയുന്നതിന് മുൻപാണ് ഇപ്പോൾ അവിടെ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്.
ശക്തമായ കാറ്റ് വീശുമ്പോൾ പ്രതിമ വലിയ തോതിൽ ആടിയുലയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ താഴെയിറക്കാൻ അധികൃതർ അടിയന്തരമായി തീരുമാനിച്ചത്. കാറ്റിൽ പ്രതിമ തകർന്നുവീണാൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച കൂറ്റൻ പ്രതിമ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇത്ര പെട്ടെന്ന് എടുത്തുമാറ്റേണ്ടി വന്നത് സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിട്ടുണ്ട്.